ന്യൂഡെൽഹി: കൊറോണ മഹാമാരിയെ നേരിടാൻ രണ്ട് വാക്സിനുകൾക്ക് അനുമതി നൽകാൻ തീരുമാനിച്ച് ഡിജിസിഐ. വിദഗ്ധസമിതി നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് ഡിജിസിഐ യോഗം അന്തിമതീരുമാനമെടുത്തത്. ഇന്നലെ നൽകിയ റിപ്പോർട്ട്, ഇന്ന് പുലർച്ചെ വരെ നീണ്ട യോഗം വിശദമായി ചർച്ച ചെയ്തു.
കൊവിഷീൽഡ് ഡോസിന് 250 രൂപ കമ്പനി നിർദ്ദേശിച്ചു. കൊവാക്സിന് 350 രൂപയാണ് ഭാരത് ബയോടെക്ക് നിർദേശിച്ചിരിക്കുന്നത്. രാവിലെ പതിനൊന്ന് മണിക്ക് ഡിസിജിഐ വി ജി സോമാനി മാധ്യമങ്ങളെ കാണുന്നുണ്ട്.
നിലവിൽ രണ്ട് വാക്സിനുകളുടെ അടിയന്തര അനുമതിക്കാണ് വിദഗ്ധ സമിതി ഡിജിസിഐയ്ക്ക് ശുപാർശ നൽകിയത്. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡും തദ്ദേശീയമായി വികസിപ്പിക്കുന്ന ഭാരത് ബയോടെക്കിന്റെ കൊവാക്സിനുമാണ് ഡിജിസിഐയുടെ അനുമതി ലഭിച്ചാൽ ഉപയോഗിക്കാനാകുക. ബുധനാഴ്ചയോടെ ആദ്യ ഘട്ട വാക്സിൻ വിതരണം തുടങ്ങുമെന്നാണ് റിപ്പോർട്ട്.
എന്നാൽ വാക്സിൻ അനുമതി നൽകുന്നതിന് മുന്നോടിയായി എന്തെല്ലാം വിവരങ്ങളാണ് വിദഗ്ധസമിതിക്ക് മുമ്പാകെ രണ്ട് കമ്പനികളും സമർപ്പിച്ചിരിക്കുന്നത് എന്ന വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഭാരത് ബയോടെക്കിന്റെ കൊവാക്സിന്റെ മൂന്നാംഘട്ടപരീക്ഷണം നവംബർ മധ്യത്തോടെയാണ് തുടങ്ങിയത്. രണ്ട് ഡോസ് വീതം നൽകേണ്ട കൊവാക്സിന്റെ ഡോസുകൾക്ക് ഇടയിലുള്ള ഇടവേള 28 ദിവസമാണ്.
ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്രാസെനകയും ചേർന്ന് വികസിപ്പിച്ച്, ഇന്ത്യയിൽ പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കൊവിഷീൽഡ് എന്ന വാക്സിനും ഭാരത് ബയോടെക്കിന്റെ കൊവാക്സിനുമാണ് നിലവിൽ നിയന്ത്രിതഘട്ടങ്ങളിൽ അനുമതി നൽകിയിരിക്കുന്നത്.
ക്ലിനിക്കൽ പരീക്ഷണഘട്ടത്തിലുള്ള കൊവാക്സിന് കൂടി അനുമതി നൽകുന്നത് യുകെയിൽ നിന്നുള്ള കൊറോണ വൈറസ് വകഭേദം കൂടി കണ്ടെത്തിയ സാഹചര്യത്തിലാണ്. ഇതോടൊപ്പം അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കാഡില ഹെൽത്ത്കെയർ ലിമിറ്റഡ് എന്ന കമ്പനിക്ക് മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം തുടങ്ങാനുള്ള അനുമതിയും നൽകി. ബയോടെക്നോളജി വകുപ്പാണ് ഈ പരീക്ഷണത്തിന് ഫണ്ട് ചെയ്യുന്നത്.
അടിയന്തരഘട്ടങ്ങളിൽ പൂർണ പരീക്ഷണങ്ങൾ നടത്തിയില്ലെങ്കിലും ചില വാക്സിനുകൾക്ക് അടിയന്തര ഉപയോഗ അനുമതി നൽകാൻ കഴിയുന്ന പുതിയ ഡ്രഗ്സ് & ക്ലിനിക്കൽ ട്രയൽസ് നിയമം (2019) ഉപയോഗിച്ചാണ് ഈ രണ്ട് വാക്സിനുകൾക്കും നിലവിൽ അടിയന്തരഉപയോഗ അനുമതി നൽകിയിരിക്കുന്നത്.