തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് ഇന്ന് നിയമസഭയുടെ എത്തിക്സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരാകും. കിഫ്ബിയെക്കുറിച്ചുള്ള സിഎജി റിപ്പോർട്ട് നിയമസഭയിൽ വയ്ക്കുന്നതിന് മുൻപ് പുറത്ത് വിട്ടത് അവകാശലംഘനമാണെന്ന വി ഡി സതീശന്‍റെ നോട്ടീസിലാണ് മന്ത്രിയെ വിളിച്ച് വരുത്തുന്നത്.
റിപ്പോർട്ടിന് പുറമേ നാല് പേജ് അധികമായി ചേർത്തതിനെതിരെയാണ് പ്രതികരിച്ചതെന്നായിരുന്നു മന്ത്രി സ്പീക്കർക്ക് നൽകിയ വിശദീകരണം. എന്നാൽ ചട്ടലംഘനമാണെന്ന് അറിഞ്ഞ് കൊണ്ടാണ് മന്ത്രി സിഎജി റിപ്പോർട്ട് പുറത്ത് വിട്ടതെന്നായിരുന്നു വി ഡി സതീശന്‍റെ ആരോപണം.
ഇതാദ്യമായാണ് അവകാശലംഘനനോട്ടീസിൽ ഒരു മന്ത്രി എത്തിക്സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരാകുന്നത്. രാവിലെ 11 മണിക്ക് നിയമസഭാമന്ദിരത്തിലാണ് എത്തിക്സ് കമ്മിറ്റി ചേരുക.