‘ഒത്തിരി സങ്കടമുണ്ട്’ ; മന്ത്രി കെ കെ ശൈലജ കാലുമാറിയെന്ന് ട്രാൻസ്ജെൻഡർ സജ്ന ഷാജി

കൊച്ചി: കൊറോണ വൈറസ് പ്രതിസന്ധിക്കിടെ ജീവിത മാർഗത്തിനായി ബിരിയാണി വിൽപ്പന നടത്തിയ ട്രാൻസ്ജെൻഡർ സജ്‌ന ഷാജി ആരോ​ഗ്യമന്ത്രി കെ കെ ശൈലജയ്ക്കെതിരെ രം​ഗത്ത്. മന്ത്രി ഇപ്പോൾ കാലുമാറിയെന്ന ആരോപണവുമായി സജ്‌ന രംഗത്തെത്തിയിരിക്കുകയാണ്. തന്റെ പുതിയ ഹോട്ടലായ സജ്‌നാസ് കിച്ചണിന്റെ ഉദ്ഘാടന ദിവസമറിയിച്ചുള്ള ഫേസ്ബുക്ക് ലൈവിലായിരുന്നു സജ്‌നയുടെ ആരോപണം.

സജ്നയ്ക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ വലിയ വിമർശനം നേരിട്ട കാലത്ത് ആരോഗ്യമന്ത്രി കെകെ ശൈലജ സജ്നയെ നേരിട്ട് വിളിച്ച് സഹായവും സുരക്ഷയും ഉറപ്പുനൽകിയിരുന്നു. ഇതിന്റെ ഭാഗമായി അടിയന്തര സാമ്പത്തിക സഹായം നൽകുമെന്നും മന്ത്രി അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ മന്ത്രി കാലുമാറിയെന്നാണ് സജ്ന ആരോപിക്കുന്നത്.

‘ശൈലജ ടീച്ചർ എനിക്ക് വേണ്ട സഹായങ്ങൾ ചെയ്ത് തരുമെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. അത് മാത്രമല്ല വനിത വികസന കോർപ്പറേഷന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി വേണ്ട ധന സഹായം തരുമെന്ന് പറഞ്ഞിരുന്നു. ട്രാൻസ്ജന്റേഴ്‌സിന് ഒരു ലോണുണ്ടായിരുന്നു വനിത വികസ കോർപ്പറേഷനിൽ.

ഹോട്ടലിന്റെ എഗ്രിമെന്റ് എഴുതുമ്പോൾ ആ ലോൺ കൂടെ പാസാവുമെന്ന് ഞാൻ കരുതി. കാരണം ഹോട്ടലിന്റെ എഗ്രിമെന്റ് എഴുതിയാൽ മാത്രം പോരല്ലോ, ബാക്കി കാര്യങ്ങളെല്ലാം നടത്തണ്ടേ. എന്നാൽ അവസാന നിമിഷം വിവാദത്തിൽ നിൽക്കുന്നവർക്ക് ലോൺ കൊടുക്കാൻ പാടില്ലെന്നാണ് ശൈലജ ടീച്ചർ പറഞ്ഞത്. എന്താണ് വിവാദമെന്നെനിക്കറിയില്ലെന്ന് – സജ്ന ഷാജി പറയുന്നു,

“ടീച്ചറിനോടാണ് ചോദ്യം. നിയമസഹായങ്ങളൊക്കെ ഒരുപാട് ലഭിക്കുന്ന ആളല്ലെ, ഒന്ന് അന്വേഷിക്കു എന്താണ് വിവാദമെന്ന്? എന്റെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അതിന് ശിക്ഷ അനുഭവിക്കാൻ ഞാൻ തയ്യാറാണ്. വനിത വികസ കോർപ്പറേഷനിൽ അന്വേഷിച്ചപ്പോൾ പേര് പോലും ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് പറഞ്ഞത്. അതിന് വേണ്ട അപേക്ഷയെല്ലാം കൊടുത്തിരുന്നു. ഉൾപ്പെടുത്താതിരുന്നത് ശരിയായില്ല.

ട്രാൻസ്ജന്റേഴ്‌സിനുള്ള ലോൺ എന്ന് പറയുന്നുണ്ടെങ്കിലും അത് അർഹതപ്പെട്ടവർക്കാണോ കിട്ടുന്നതെന്നും അന്വേഷിക്കണം. ഒത്തിരി സങ്കടമുണ്ട്. കാരണം അവസാന നിമിഷം ടീച്ചർ കാലുമാറുമെന്ന് ഞാൻ കരുതിയില്ല. ടീച്ചറുടെ പിഎ, ജില്ല ഓഫീസർ ജോഷി സർ എന്നിവരെയെല്ലാം ഞാൻ വിളിച്ചിരുന്നു. ആരെയും കിട്ടിയില്ല. അവസാനം പലിശയ്ക്ക് പണമെടുത്താണ് എല്ലാം ചെയ്തതെന്നും സജ്ന പറയുന്നു.