കൊച്ചി:മലയാള സിനിമാ സംഗീത ലോകത്തിന് അനശ്വരങ്ങളായ നിരവധി ഗാനങ്ങൾ സമ്മാനിച്ച പ്രശസ്ത സംഗീത സംവിധായകൻ എം.കെ.അർജുനൻ മാസ്റ്റർ അന്തരിച്ചു. 84 വയസ് ആയിരുന്നു. കൊച്ചി പള്ളുരുത്തിയിലെ വീട്ടിൽ ഇന്നു പുലർച്ചെ 3:30നായിരുന്നു അന്ത്യം.
യമുനേ പ്രേമയമുനേ, പാടാത്ത വീണയും പാടും, കസ്തൂരി മണക്കുന്നല്ലോ, തുടങ്ങിയ അനശ്വര ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച അർജ്ജുൻ മാസ്റ്റർ ഇരുനൂറിലധികം ചിത്രങ്ങളിലായി അഞ്ഞൂറിലധികം ഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്.
1936 ഓഗസ്റ്റ് 25 ന് ഫോർട്ടുകൊച്ചിയിലെ ചിരട്ടപ്പാലത്ത് കൊച്ചുകുഞ്ഞിന്റെയും പാറുവിന്റെയും പതിനാലു മക്കളിൽ ഏറ്റവും ഇളയവനായാണ് അർജ്ജുനൻ ജനിക്കുന്നത്. അർജ്ജുനന് ആറ്മാസം പ്രായമുള്ളപ്പോൾ അച്ഛൻ മരിച്ചു. ദാരിദ്രം നിറഞ്ഞ കുട്ടിക്കാലമായിരുന്നു അർജ്ജുനൻ മാസ്റ്റിന്റേത്. വീട്ടിലെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം അർജ്ജുനനേയും അദ്ദേഹത്തിന്റെ ജേഷ്ഠൻ പ്രഭാകരനേയും അമ്മ പഴനിയിലെ ജീവകാരുണ്യ ആനന്ദാശ്രാമത്തിൽ അയച്ചു. അവിടെ വെച്ച് ആശ്രമാധിപനായ നാരായണസ്വാമിയാണ് അർജ്ജുനന്റെ പാടാനുള്ള കഴിവ് തിരിച്ചറിഞ്ഞത്. നാരായണസ്വാമി എർപ്പെടുത്തിയ സംഗീതാധ്യാപകന്റെ കീഴിൽ ഏഴ് വർഷം അർജ്ജുൻ സംഗീതം അഭ്യസിച്ചു.
പഴനിയിലെ ആശ്രമത്തിൽ അന്തേവാസികളുടെ എണ്ണം വർദ്ധിച്ചപ്പോൾ ഫോർട്ടുകൊച്ചിയിലേയ്ക്ക് മടങ്ങി. സംഗീതകച്ചേരികൾ നടത്തിയും കൂലിവേല ചെയ്തും നടന്ന കൗമാരത്തിൽ സംഗീതപഠനം തുടരണമെന്നു മോഹമുണ്ടായിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം അതിനു കഴിഞ്ഞില്ല. പകരക്കാരനായാണ് അർജ്ജുൻ ആദ്യമായി നടകത്തിന് സംഗീതം പകരുന്നത്. പള്ളിക്കുറ്റം എന്ന നാടകത്തിന് സംഗീതം പകർന്നുകൊണ്ടാണ് എം കെ അർജ്ജുനൻ മാസ്റ്റർ തന്റെ സംഗീതസംവിധാനം ആരംഭിക്കുന്നത്. തുടർന്ന് കുറ്റം പള്ളിക്ക്് എന്ന നാടകത്തിനും സംഗീതം പകർന്നു.
അതിന് ശേഷം ചങ്ങനാശ്ശേരി ഗീത, പീപ്പിൾസ് തിയറ്റർ, ദേശാഭിമാനി തിയറ്റേഴ്സ്, ആലപ്പി തിയറ്റേഴ്സ്, കാളിദാസ കലാകേന്ദ്രം, കെ.പി.എ.സി തുടങ്ങിയ നാടക സമിതികളിൽ പ്രവർത്തിച്ച അദ്ദേഹം 300 ഓളം നാടകങ്ങളിലായി ഏകദേശം 800 ഓളം ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. നാടകരംഗത്തു പ്രവർത്തിക്കവേ, ദേവരാജൻ മാസ്റ്ററുമായി പരിചയപ്പെട്ടതാണ് അർജ്ജുനൻ മാസ്റ്ററിന്റെ ജീവിതത്തിലെ മറ്റൊരു അധ്യായം തുടങ്ങുന്നത്. ദേവരാജൻ മാഷിനു വേണ്ടി നിരവധി ഗാനങ്ങൾക്ക് അദ്ദേഹം ഹാർമോണിയം വായിച്ചു.
കറുത്ത പൗർണമി എന്ന ചിത്രത്തിലൂടെയാണ് അർജ്ജുനൻ മാസ്റ്റർ സിനിമ സംഗീത സംവിധാന രംഗത്ത് അരങ്ങേറുന്നത്. ചിത്രത്തിലെ മാനത്തിൻമുറ്റത്ത്, ഹൃദയമുരുകീ നീ എന്നീ ഗാനങ്ങൾശ്രദ്ധേയങ്ങളായി തുടർന്ന് നിരവധി ചിത്രങ്ങൾക്ക് അർജ്ജുനൻ മാസ്റ്റർ ഈണം നൽകിയിട്ടുണ്ട്. വയലാർ, പി. ഭാസ്കരൻ, ഒ. എൻ. വി. കുറുപ്പ് എന്നിവർക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ശ്രീകുമാരൻതമ്പി അർജ്ജുനൻ ടീമിന്റെ ഗാനങ്ങൾ വളരെയേറെ ജനപ്രീതി നേടി. ഇന്ത്യയുടെ സംഗീത സാമ്രാട്ട് എ ആർ റഹ്മാൻ ആദ്യമായി കീബോർഡ് വായിച്ച് തുടങ്ങിയത് അർജ്ജുനൻ മാസ്റ്ററുടെ കീഴിലായിരുന്നു. ആറ് പതിറ്റാണ്ടുകളായി നീളുന്ന എംകെ അർജ്ജുനൻ മാസ്റ്ററുടെ സംഗീത സപര്യ ഇന്നും അനുസ്യൂതം പ്രവഹിക്കുന്നൂ.
അർജുനൻ മാസ്റ്ററിന്റെ സൂപ്പർഹിറ്റായ പത്ത് ഗാനങ്ങൾ
നാളികേരത്തിന്റെ നാട്ടിലുള്ളൊരു … (ഒരേ ഭൂമി ഒരേ രക്തം -1964)
പാടാത്ത വീണയും പാടും… (റസ്റ്റ് ഹൗസ് – 1969)
നീലനിശീഥിനീ നിൻ മണിമേടയിൽ… (സിഐഡി നസീർ – 1971)
തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടീ നിന്റെ… (കൂട്ടുകുടുംബം – 1974)
ചെട്ടികുളങ്ങര ഭരണി നാളിൽ… (സിന്ധു – 1975)
കസ്തൂരി മണക്കുന്നല്ലോ കാറ്റിൽ… (പിക്നിക്ക് – 1975)
ആയിരം കാഥം ആകലേയാണെങ്കിലും… (ഹർഷബാഷ്പം – 1977)
കൊച്ചു കൊച്ചൊരു കൊച്ചീ… (തുറമുഖം – 1974)
തളിർവലയോ തമാരവലയോ… (ചീനവല – 1975)
എത്ര സുന്ദരി… (തിരുവോണം – 1973)