കൊറോണ പ്രതിരോധം ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് കൊവിഷീൽഡിന് ആദ്യം അനുമതി ലഭിച്ചേക്കും

ന്യൂഡെൽഹി: ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കുന്ന ആദ്യ കൊറോണ പ്രതിരോധ വാക്സിൻ ഓക്സ്ഫഡ് സർവകലാശാലയും അസ്ട്രാസെനകയും സംയുക്തമായി വികസിപ്പിച്ച കൊവിഷീൽഡായിരിക്കുമെന്ന് റിപ്പോർട്ട്. ബ്രിട്ടനിൽ വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചാൽ ഇന്ത്യയിലും അനുമതി നൽകിയേക്കുമെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

കൊവിഷീൽഡിന് അടുത്ത ആഴ്ച്ചയോടെ ഇന്ത്യയിൽ അടിയന്തരാനുമതി നൽകിയേക്കുമെന്നാണ് വിവരം. ജനുവരി ആദ്യം ഇന്ത്യയിൽ കൊറോണ വാക്സിനേഷൻ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. കൊവിഷീൽഡിന് പുറമേ വാക്സിൻ കമ്പനിയായ ഫൈസർ, ഇന്ത്യയിലെ പ്രാദേശിക വാക്സിൻ നിർമാതാക്കളായ ബയോൺടെക് എന്നിവർ അടിയന്തര അനുമതിക്കായി സർക്കാരിനെ സമീപിച്ചിട്ടുണ്ട്. മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ തുടരുന്നതിനാൽ ഭാരത് ബയോടെക്കിന്റെ കോവാക്സിൻ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കാൻ സമയമെടുക്കുമെന്നാണ് വിവരം.

ഓക്സ്ഫഡ് വാക്സിന് ബ്രിട്ടനിലെ ഡ്രഗ് റഗുലേറ്റർ അംഗീകാരം നൽകി കഴിഞ്ഞാൽ, സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷനിലെ വിദഗ്ദ്ധ സമിതി യോഗം ചേരും. തുടർന്ന് വാക്സിന് അടിയന്തര അംഗീകാരം നൽകുന്നതിനുമുമ്പായി വിദേശത്തും ഇന്ത്യയിലും നടത്തിയ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ നിന്നുള്ള വിവരങ്ങൾ എന്നിവ സമഗ്രമായി അവലോകനം ചെയ്യും. ഇതോടെ ഇന്ത്യയിൽ അനുമതി ലഭിക്കുന്ന ആദ്യ വാക്സിനാകും കൊവിഷീൽഡ്.