ന്യൂഡെൽഹി: വിചാരണയ്ക്ക് കോടതിയിൽ ഹാജരാക്കാതിരിക്കാൻ വ്യാജ കൊറോണ സർട്ടിഫിക്കറ്റ് സമർപ്പിച്ച ബിജെപി എംഎൽഎയ്ക്കെതിരെ കേസ്. ഉത്തർപ്രദേശിലെ മെൻഹ്ദാവൽ മണ്ഡലത്തിലെ എംഎൽഎ രാകേഷ് സിംഗ് ബാഗെലിനെതിരെയാണ് കോട്വാലി പൊലീസ് കേസെടുത്തത്.
കൊലപാതകശ്രമവുമായി ബന്ധപ്പെട്ട കേസിലാണ് എംഎൽഎ കോടതിയിൽ ഏത്തേണ്ടിയിരുന്നത്. ഒരു സ്വകാര്യലാബിൽ നടത്തിയ പരിശോധനയിൽ രാകേഷിന് കൊറോൺ പോസിറ്റീവ് ആണെന്ന് തെളിഞ്ഞെന്നും ഹോം ഐസൊലേഷനിൽ ആണെന്നുമുള്ള സർട്ടിഫിക്കറ്റ് കോടതിയിൽ നൽകുകയായിരുന്നു.
പരിശോധനയിൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞു. തുടർന്നാണ് രാകേഷ് സിംഗിനെതിരെ കേസെടുത്തത്. വ്യാജ സർട്ടിഫിക്കറ്റ് നൽകിയ സന്ത് കബീർ നഗർ ചീഫ് മെഡിക്കൽ ഓഫിസർ (സിഎംഒ) ഡോ. ഹർഗോവിന്ദ് സിംഗിനെതിരെയും കേസെടുത്തിട്ടുണ്ട്.
2010ലെ ഒരു കൊലപാതകശ്രമ കേസിൽ വിചാരണക്ക് ഹാജരാകാൻ അഡീഷണൽ സെഷൻസ് ജഡ്ജ് ദീപാന്ത് മണി രാകേഷ് സിംഗിന് നോട്ടിസ് അയച്ചിരുന്നു. കോടതിയിൽ ഹാജരാകാതിരിക്കാൻ കൊറോണ ബാധിച്ചുവെന്ന വ്യാജ സർട്ടിഫിക്കറ്റ് രാകേഷ് നൽകുകയായിരുന്നു.