കാസർകോട്: കർണാടക അതിർത്തി അടച്ചതോടെ കാസർകോട് ചികിത്സ ലഭിക്കാതെ വീണ്ടും മരണം. തുമിനാട് സ്വദേശി യൂസഫ് ആണ് മരിച്ചത്. 55 വയസായിരുന്നു. ചികിത്സ കിട്ടാതെ കാസർകോട് ഇന്ന് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണിത്.ഇതോടെ ചികിൽസ കിട്ടാതെ കാസർകോട് മരിച്ചവരുടെ എണ്ണം ഒൻപതായി.
നെഞ്ചുവേദനയെ തുടർന്നാണ് യൂസഫ് മരണത്തിന് കീഴടങ്ങിയത്. ഉപ്പളയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കാസർഗോട്ടെ ആശുപത്രിയിൽ എത്തിക്കാൻ നിർദേശിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് മരിക്കുകയായിരുന്നു.
മഞ്ചേശ്വരം ഹൊസങ്കടി സ്വദേശിയായ രുദ്രപ്പ (61) ചികിത്സ കിട്ടാതെ മരിച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി മംഗലാപുരത്ത് ചികിത്സയിലായിരുന്നു രുദ്രപ്പ. ഹൃദ്രോഗിയായിരുന്നു. ഇന്നലെ രാത്രിയോടെ രുദ്രപ്പയുടെ ആരോഗ്യനില വഷളായി. ഇതോടെ ഉപ്പളയിലെ ആശുപത്രിയിലെത്തിച്ചു. എത്രയും വേഗം മംഗലാപുരത്തോ, കാസർകോടോ എത്തിക്കാനായിരുന്നു നിർദേശം. മംഗലാപുരത്തേയ്ക്ക് പോകാൻ എളുപ്പമായിരുന്നുവെങ്കിലും അതിന് സാധിക്കാത്തതുകൊണ്ട് കാസർകോട്ടെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് മരണം സംഭവിച്ചു.