ന്യൂഡെൽഹി: കേന്ദ്ര സർവ്വകലാശാലകളിലെ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഇനി മുതൽ ഒറ്റ പ്രവേശനപരീക്ഷ. ഇതിനുള്ള നടപടിക്രമം തീരുമാനിക്കാനായി കേന്ദ്ര സർക്കാർ ഏഴംഗ വിദഗ്ധ സമിതി രൂപീകരിച്ചു. ദേശീയ ടെസ്റ്റിംഗ് ഏജൻസിയാണ് കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ നടത്തുക.
പരീക്ഷ നടത്തിപ്പിന്റെ നടപടിക്രമങ്ങൾ സംബന്ധിച്ച് ഒരു മാസത്തിനുള്ളിൽ വിദഗ്ധ സമിതി റിപ്പോർട്ട് നൽകുമെന്ന് യുജിസി ചെയർ പേഴ്‌സൺ ഡിപി സിംഗ് അറിയിച്ചു.
പൊതുപരീക്ഷയ്‌ക്കൊപ്പം വിഷയ കേന്ദ്രീകൃത പരീക്ഷയും ഉണ്ടാകും. ഓരോ വർഷവും രണ്ടു തവണ പ്രവേശന പരീക്ഷ നടത്താനാണ് പദ്ധതി.
2020-21 അദ്ധ്യയന വർഷത്തിൽ ഒരു തവണ മാത്രമെ പരീക്ഷയുണ്ടാകൂ. കൂടുതൽ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനാകുന്ന തരത്തിലായിരിക്കും ഒറ്റ പ്രവേശന പരീക്ഷ എഴുതാനുള്ള മിനിമം മാർക്ക് നിശ്ചയിക്കുന്നത്.
കേന്ദ്ര സർവ്വകലാശാലയിൽ ഉയർന്ന കട്ട് ഓഫ് കാരണം വിദ്യാർത്ഥി പ്രവേശനത്തിലുണ്ടാകുന്ന സങ്കീർണ്ണത ഇല്ലാതാക്കാൻ ഒറ്റപ്രവേശന പരീക്ഷയ്ക്ക് കഴിയുമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്.