തിരുവനന്തപുരം: ബിടെക് പരീക്ഷ തോറ്റ 116 പേർക്ക് പരീക്ഷ ജയിക്കാൻ നൽകിയ മാർക്ക്ദാനം പിൻവലിച്ച എംജി സർവകലാശാല നടപടി ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ റദ്ദാക്കി. അധികാരമില്ലാതെ സിൻഡിക്കേറ്റ് നൽകിയ മാർക്ക് ദാനവും ഡിഗ്രി സർട്ടിഫിക്കറ്റുകളും പിൻവലിക്കുവാൻ ചാൻസിലർ കൂടിയായ ഗവർണർക്കുമാത്രമേ അധികാരമുള്ളൂവെ ന്നിരിക്കെ,പൊതുജനാ ക്ഷേപത്തെ തുടർന്ന് സർവകലാശാല തന്നെ മാർക്കുകൾ പിൻവലിച്ചുകൊണ്ടും വിദ്യാർഥികൾ കൈപ്പറ്റിയ സർട്ടിഫിക്കറ്റുകൾ മടക്കി വാങ്ങികൊണ്ടും ഉത്തരവിറക്കുകയായിരുന്നു.
സർവകലാശാലയുടെ ഈ നടപടിയാണ് കോടതി റദ്ദാക്കിയത്.സർവകലാശാല സിൻഡിക്കേറ്റിന് ചട്ട പ്രകാരം മാത്രമേ ഡിഗ്രി പിൻവലിക്കാൻ അധികാരമുള്ളൂവെന്നു കോടതി ചൂണ്ടിക്കാട്ടി.
ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ അദാലത്തിനെ തുടർന്ന് എംജി സിൻഡിക്കേറ്റ് ഒരു വിഷയത്തിന് തോറ്റ എല്ലാ ബിടെക് വിദ്യാർഥികൾക്കും 5 മാർക്ക് വരെ മോഡറേഷൻ നല്കാൻ കൈകൊണ്ട തീരുമാനം വലിയ വിവാദമായിരുന്നു. ഇതനുസരിച്ചു് 116 വിദ്യാർഥികൾക്ക് പാസ്സ് സർട്ടിഫിക്കറ്റുകളും സർവകലാശാല നൽകിയിരുന്നു.
മന്ത്രിയുടെ അദാലത്തിന് മാർക്ക് ദാനം ശുപാർശ ചെയ്യാനോ സിൻഡിക്കേറ്റിന് മാർക്ക്‌ദാനത്തിനോ അധികാരമില്ലെന്ന ആക്ഷേപം പ്രതിപക്ഷ നേതാവാണ് ആദ്യം ഉന്നയിച്ചത്. ഇത് നിയമസഭയിൽ വലിയ ഒച്ചപ്പാടിനു വഴിവച്ചു.
മാർക്ക് ദാന തീരുമാനം റദ്ദാക്കാനുള്ള അധികാരം ഗവർണറിൽ മാത്രം നിക്ഷിപ്തമായതുകൊണ്ട് സിൻഡിക്കേറ്റിന്റെ മാർക്ക് ദാന തീരുമാനം ഗവർണർ തന്നെ പിൻവലിക്കണമെന്നും പ്രതിപക്ഷനേതാവ് രേഖാമൂലം ഗവർണർക്ക് കത്ത് നൽകിയിരുന്നുവെങ്കിലും സർവ്വകലാശാലതന്നെ മാർക്ക് ദാനം റദ്ദാക്കി തീരുമാനിക്കുകയായിരുന്നു. ഇത് കോടതിയിലൂടെ വിദ്യാർഥികൾക്ക് അനുകൂല തീരുമാനമുണ്ടാക്കുന്നതിനാണെന്ന് നേരത്തെ ആക്ഷേപമുണ്ടായിരുന്നു.
സർവകലാശാല അധികൃതരുടെത് ഒരു ഒത്തുകളിയാണെന്നും അതുകൊണ്ട് തന്നെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ സർവകലാശാല ചട്ടമനുസരിച്ച് ചാൻസലർ കൂടിയായ ഗവർണർ സിൻഡിക്കേറ്റിന്റെ മാർക്ക് ദാന തീരുമാനം റദ്ദാക്കാൻ അടിയന്തിര നടപടി കൈകൊള്ളണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണറോട് ആവശ്യപ്പെട്ടു.