മന്ത്രി വിഎസ് സുനിൽകുമാറിന് വധഭീഷണി

തിരുവനന്തപുരം: മന്ത്രി വിഎസ് സുനിൽകുമാറിന് വധഭീഷണി. ഇന്റർനെറ്റ് കോളിൽ നിന്നാണ് വധഭീഷണി ഉണ്ടായത്. ഇതു സംബന്ധിച്ച് ഡിജിപിക്ക് പരാതി നൽകിയതായി മന്ത്രിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.

ജനുവരി എട്ടിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൻ്റെ ആദ്യദിനം തന്നെ കര്‍ഷകനിയമത്തിനെതിരായ പ്രമേയം സര്‍ക്കാര്‍ അവതരിപ്പിക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനിൽ കുമാര്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വധഭീഷണി എത്തിയിരിക്കുന്നത്.

പ്രത്യേക നിയമസമ്മേളനത്തിന് അനുമതി നിഷേധിക്കുക വഴി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ അധികാര ദുര്‍വിനിയോഗം നടത്തിയിരിക്കുകയാണെന്നും കാര്‍ഷിക നിയമത്തിനെ എതിര്‍ത്തും ഇതിനെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷ കരെ പിന്തുണച്ചും തിരുവനന്തപുരത്ത് പ്രതിഷേധസംഗമം സംഘടിപ്പിക്കുമെന്നും വിഎസ് സുനിൽ കുമാര്‍ അറിയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന കാര്‍ഷിക നിയമം കേരളത്തിൽ നടപ്പാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.