തിരുവനന്തപുരത്ത് തോമാശ്ലീഹായുടെയും അയ്യപ്പന്റെയും പത്മനാഭസ്വാമിയുടെയും നാമത്തിൽ സത്യപ്രതിജ്ഞ

തിരുവനന്തപുരം: കോര്‍പ്പറേഷനിലെ സത്യപ്രതിജ്ഞാ ചടങ്ങും തെരഞ്ഞെടുപ്പുപോലെ തന്നെ ശ്രദ്ധേയമായി. തോമാശ്ലീഹായുടെയും അയ്യപ്പന്റെ നാമത്തിലും പത്മനാഭസ്വാമിയുടെയും നാമത്തിൽ നടന്ന സത്യപ്രതിജ്ഞ ശ്രദ്ധേയമായി. ഫോര്‍ട്ട് വാര്‍ഡില്‍ നിന്നുള്ള ബിജെപിയുടെ സ്വതന്ത്രഅംഗം ജാനകി അമ്മാളിന്റെ സത്യപ്രതിജ്ഞ പത്മനാഭസ്വാമിയുടെ പേരിലായിരുന്നു.

സംസ്കൃതത്തിൽ സത്യപ്രതിജ്ഞ ചൊല്ലി ഭരണത്തിലേറിയ മറ്റൊരു ജനപ്രതിനിധി മഞ്ജുവാണ്. കരമന ഡിവിഷനിൽ നിന്നും ബിജെപിയുടെ ബാനറിലാണ് മഞ്ജു ജയിച്ചിട്ടുള്ളത്. ബിജെപി അംഗം കരമന അജിത്താണ് അയ്യപ്പസ്വാമിയുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത്. തദ്ദേശ തെരഞ്ഞെടുപ്പിൽ നെടുങ്കാട് വാർഡിൽ നിന്നാണ് കരമന അജിത്ത്‌ ജയിച്ചത്.

സ്വതന്ത്രഅംഗമായ മേരി ജിപ്‌സിയാണ് തോമാശ്ലീഹയുടെ നാമത്തിൽ സത്യപ്രതിജ്ഞചെയ്തത്. സ്വതന്ത്രഅംഗമായ നിസാമുദീന്‍, ഐഎന്‍എല്‍ അംഗം മുഹമ്മദ് ബഷീര്‍ എന്നിവര്‍ അള്ളാഹുവിന്റെ നാമത്തിലും സത്യപ്രതിജ്ഞചെയ്തു.

പ്രചരണത്തിനിടെ കാലിന് പരുക്ക് പറ്റി ചികിത്സയിലുള്ള കിണാവൂരില്‍ നിന്നുള്ള അംഗം സുരകുമാരി വീല്‍ച്ചെയറിലെത്തി സത്യപ്രതിജ്ഞ ചെയ്തപ്പോൾ, കുടപ്പനക്കുന്നില്‍ നിന്നുള്ള എല്‍ഡിഎഫ് അംഗം ജയച്ചന്ദ്രന്‍നായര്‍ കൊറോണ ബാധിച്ചതിനെ തുടര്‍ന്ന് പിപിഇ കിറ്റ്ധരിച്ചെത്തി ഒടുവിലായി സത്യവാചകം ചൊല്ലി.