രാഷ്ട്രീയ പാര്‍ട്ടികള്‍ ന്യൂനപക്ഷ നിലപാടുകള്‍ പുനഃപരിശോധിക്കണം: സീറോ മലബാര്‍ സഭ അൽമായ ഫോറം

കൊച്ചി:കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും അവരുടെ ന്യൂനപക്ഷ നിലപാടുകള്‍ പുനഃപരിശോധിക്കണമെന്ന് സീറോ മലബാര്‍ സഭാ അല്മായ ഫോറത്തിൻ്റെ ന്യൂനപക്ഷ അവകാശ സമ്മേളനം ആവശ്യപ്പെട്ടു. നീതിനിഷ്ടമായി ന്യൂനപക്ഷ ആനുകൂല്യങ്ങളും ക്ഷേമപദ്ധതികളും വിതരണം ചെയ്യുന്നതിനുള്ള നടപടിയെടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

കേരളത്തിലെ ന്യൂനപക്ഷ കമ്മീഷൻ ഘടനയില്‍ ന്യൂനപക്ഷവിഭാഗങ്ങളിലെ ഭൂരിപക്ഷവിഭാഗത്തിനു മാത്രം ഗുണകരമായ രീതിയില്‍ നിഗൂഡമായി വരുത്തിയ മാറ്റം പുനഃപരിശോധിച്ച് എല്ലാ വിഭാഗങ്ങള്‍ക്കും തുല്യഅവസരം ഉറപ്പാക്കണം. ഇക്കാര്യത്തിലുള്ള അസന്തുലിതാവസ്ഥയിൽ സമ്മേളനം ഉത്കണ്ഠ രേഖപ്പെടുത്തി.

സീറോ മലബാര്‍ സഭ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. അല്മായ കമ്മീഷന്‍ സെക്രട്ടറി ഫാ.ജോബി മൂലയില്‍ അധ്യക്ഷനായിരുന്നു. സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. വിസി സെബാസ്റ്റ്യന്‍ വിഷയാവതരണം നടത്തി. എംപി.ജോസഫ്, ഡോ.കൊച്ചുറാണി ജോസഫ്, പ്രെഫ.വിഎവര്‍ഗീസ്, ജോസ് വിതയത്തില്‍, ഫാ.ജിയോ കടവി, ഫാ.സിറിള്‍ തോമസ് തയ്യില്‍, സെബാസ്റ്റ്യന്‍ വടശേരി, ലക്‌സി ജോയി മുഞ്ഞേലി, റാണി മത്തായി, സൈജി ജോളി മൂത്തേടന്‍ എന്നിവര്‍ പ്രസംഗിച്ചു.

മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ന്യൂനപക്ഷ നിലപാടുകള്‍ വ്യക്തമാക്കുകയോ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികകളില്‍ അക്കാര്യങ്ങളില്‍ വ്യക്തത വരുത്തുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് നിവേദനം കൊടുക്കുമെന്ന് അല്മായ ഫോറം സെക്രട്ടറി ജോസ് വിതയത്തില്‍ പറഞ്ഞു.