ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രതിമാസം രണ്ടായിരം രൂപ നല്‍കണം: സുപ്രീം കോടതി

ന്യൂഡെല്‍ഹി: ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ (സിസിഐ) പഠിച്ചിരുന്നതും, കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ കുടുംബത്തോടൊപ്പം കഴിയുന്ന ഓരോ കുട്ടിയുടെയും വിദ്യാഭ്യാസത്തിനായി പ്രതിമാസം രണ്ടായിരം രൂപ നല്‍കണമെന്ന് സുപ്രീം കോടതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.സിസിഐകളിലെ കുട്ടികളെ പഠിപ്പിക്കുന്നതിന് ആവശ്യമായ അധ്യാപകരെ ലഭ്യമാക്കിയിട്ടുണ്ടെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പാക്കണമെന്ന് ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ജില്ലാ ശിശുസംരക്ഷണ യൂണിറ്റുകളുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ അവിടെ താമസിക്കുന്ന കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി സംസ്ഥാന സര്‍ക്കാരുകള്‍ പുസ്തകങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സിസിഐകള്‍ക്ക് 30 ദിവസത്തിനകം നല്‍കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. പകര്‍ച്ചവ്യാധി തുടങ്ങിയപ്പോള്‍ 2,27,518 കുട്ടികള്‍ സിസിഐകളിലുണ്ടായിരുന്നു. പിന്നീട് 1,45,788 പേര്‍ രക്ഷിതാക്കളുടെ അടുത്തേക്ക് മാറിയെന്നും ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, അജയ് റസ്‌തോഗി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

കുടുംബത്തോടൊപ്പം മാറിയവര്‍ക്കും വിദ്യാഭ്യാസം നല്‍കേണ്ടതിന്റെ പ്രധാന്യം കോടതി ചൂണ്ടിക്കാട്ടി. ജില്ലാ ശിശു സംരക്ഷണ യൂണിറ്റുകളാണ് നടപടികള്‍ ഏകോപിപ്പിച്ച് മേല്‍നോട്ടം വഹിക്കേണ്ടത്.കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അവരുടെ കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ജില്ലാ ശിശു സംരക്ഷണ യൂണിറ്റുകളുടെ ശുപാര്‍ശ പ്രകാരം പ്രതിമാസം 2,000 രൂപ സംസ്ഥാനങ്ങള്‍ നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.