എംജി സർവകലാശാല ഡിസംബർ 17 മുതൽ 23 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റി

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ഡിസംബർ 17 മുതൽ 23 വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഡിസംബർ 17 മുതൽ 28 വരെ ക്രിസ്മസ് അവധിയാണ്. ക്രിസ്മസ് അവധിക്കായി കോളേജുകൾ ഡിസംബർ 17ന് അടയ്ക്കും. ഡിസംബർ 28ന് തുറക്കും.

അതേസമയം യൂണിവേഴ്സിറ്റി ഓപ്ഷൻ രജിസ്‌ട്രേഷൻ ഡിസംബർ 17 വരെമഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള സർക്കാർ/എയ്ഡഡ് കോളേജുകളിൽ ബിരുദ പ്രോഗ്രാമുകളിലേക്കും ഈ അക്കാദമിക വർഷത്തേക്ക് അനുവദിച്ച നവീന പ്രോഗ്രാമുകളിലേക്കും ബി.വോക് പ്രോഗ്രാമിലേക്കും ഏകജാലകം വഴിയുള്ള പ്രവേശനത്തിന് ഡിസംബർ 17ന് വൈകീട്ട് നാലുവരെ ഓപ്ഷൻ രജിസ്‌ട്രേഷൻ നടത്താം.

നിലവിൽ അപേക്ഷ നൽകാത്തവർക്കും മുൻ അലോട്ട്‌മെന്റുകളിൽ പ്രവേശനം ലഭിക്കാത്തവർക്കും www.cap.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയിൽ വരുത്തിയ തെറ്റുമൂലം അലോട്ട്‌മെന്റിന് പരിഗണിക്കപ്പെടാത്തവർക്കും അലോട്ട്‌മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും പ്രത്യേകമായി ഫീസടയ്ക്കാതെ ഓപ്ഷനുകൾ പുതുക്കാം.

നിലവിലെ ആപ്ലിക്കേഷൻ നമ്പരും പാസ്‌വേഡും ഉപയോഗിച്ച് വെബ്‌സൈറ്റിലെ അക്കൗണ്ട് ക്രിയേഷൻ ലിങ്കിൽ പ്രവേശിക്കുമ്പോൾ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷൻ നമ്പരും പഴയ പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഓപ്ഷനുകൾ പുതുക്കി നൽകാം. പുതിയ ആപ്ലിക്കേഷൻ നമ്പർ സൂക്ഷിച്ചുവയ്ക്കണം. ഫൈനൽ അലോട്ട്‌മെന്റിൽ പങ്കെടുക്കുന്നവർ പുതുതായി ഓപ്ഷൻ രജിസ്റ്റർ ചെയ്യണം.

നേരത്തെ നൽകിയ അപേക്ഷയിൽ തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ തിരുത്തി പുതുതായി ഓപ്ഷൻ നൽകണം. ഓപ്ഷനുകൾ നൽകിയശേഷം അപേക്ഷ സേവ് ചെയ്ത് ഓൺലൈനായി സമർപ്പിക്കണം. പ്രിന്റൗട്ട് സർവകലാശാലയിൽ നൽകേണ്ടതില്ല. വിവിധ കോളേജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിവരങ്ങൾ വെബ് സൈറ്റിൽ ലഭിക്കും.സർവകലാശാല തയാറാക്കുന്ന റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിൽ സർക്കാർ/എയ്ഡഡ് കോളേജുകളിൽ പ്രവേശനം നടക്കും. കോളേജുകൾ ഡിസംബർ 23നകം പ്രവേശന നടപടികൾ പൂർത്തീകരിക്കണം.