വിഖ്യാത സംവിധായകൻ കിംകി ഡുക്ക് അന്തരിച്ചു

മോസ്​കോ: വിഖ്യാത ദക്ഷിണ കൊറിയൻ സംവിധായകൻ കിംകി ഡുക്ക് (60 ) അന്തരിച്ചു. കൊറോണ ബാധിച്ച് ലാത്വിയയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

കാൻ, ബെർലിൻ, വെനീസ് അന്താരാഷ്​ട്ര ചലച്ചിത്രമേളകൾക്ക്​ ശേഷം നവംബർ 20നാണ്​ ഇദ്ദേഹം ലാത്വിയിൽ എത്തിയത്​. വെള്ളിയാഴ്ച കൊറോണാനന്തര ബുദ്ധിമുട്ടുകളെ തുടർന്ന്​ മരിക്കുകയായിരുന്നുവെന്ന്​ ഡെൽഫി റിപ്പോർട്ട്​ ചെയ്​തു.

കിംകി ഡുക്കിന് ലാത്വിയൻ നഗരമായ ജര്‍മ്മലയില്‍ ഒരു വീട് വാങ്ങാന്‍ പദ്ധതിയുണ്ടായിരുന്നുവെന്നും റെസിഡന്‍റ് പെര്‍മിറ്റിന് അപേക്ഷിക്കാനായിരുന്നു ആലോചനയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലോകപ്രശസ്ത ചലച്ചിത്രോത്സവങ്ങളായ കാനിലും ബെര്‍ലിനിലും വെനീസിലും പ്രധാന പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള അദ്ദേഹത്തിന്‍റെ ജീവിതം നാടകീയത നിറഞ്ഞതായിരുന്നു. തെക്കന്‍ കൊറിയയിലെ വടക്കന്‍ ഗ്യോങ്സാങ് പ്രൊവിന്‍സിലെ ബോംഘ്‍വയില്‍ ജനിച്ച കിം കി ഡുക്ക് ബാല്യ, കൗമാരങ്ങളില്‍ സിനിമ കണ്ടിട്ടില്ലാത്ത ആളായിരുന്നു. അരക്ഷിതത്വം നിറഞ്ഞ ജീവിതത്തിന്‍റെ ആദ്യകാലം തല്ലും പിടിയും നിറഞ്ഞതായിരുന്നെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ജീവിതത്തിന് ഒരു മാറ്റം വേണ്ടമെന്നാഗ്രഹിച്ച് ചിത്രകലയില്‍ തല്‍പ്പരനായിരുന്ന കിം കി ഡുക്ക് പാരീസിലേക്ക് പോവുകയായിരുന്നു. അവിടെവച്ചാണ് ജീവിതത്തില്‍ ആദ്യമായി സിനിമ എന്ന കല കാണുന്നത്.

1996ല്‍ ‘ക്രോക്കഡൈല്‍’ ആണ് കിമ്മിന്‍റെ ആദ്യചിത്രം. വൈല്‍ഡ് ആനിമല്‍സ്, ബേഡ്കേജ് ഇന്‍, ദി ഐല്‍, അഡ്രസ് അണ്‍നോണ്‍, ബാഡ് ഗയ്, ദി കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയ ചിത്രങ്ങള്‍ തുടര്‍ വര്‍ഷങ്ങളില്‍ എത്തി. മനുഷ്യന്‍ എന്നത് ഒരു ‘ഹിംസാത്മക ജീവി’യാണെന്നാണ് ഈ ചിത്രങ്ങളിലൂടെ കിം കി ഡുക്ക് പറഞ്ഞുവച്ചത്.

2003ല്‍ പുറത്തിറങ്ങിയ ‘സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്‍റര്‍ ആന്‍ഡ് സ്പ്രിംഗ്’ ആണ് അന്തര്‍ദേശീയ തലത്തില്‍ അദ്ദേഹത്തിന് ഏറ്റവുമധികം ആരാധകരെ നേടിക്കൊടുത്ത ചിത്രം. അതുവരെയുള്ള ചിത്രങ്ങളില്‍ ഹിംസാത്മകമായ രംഗങ്ങള്‍ക്കായിരുന്നു പ്രാധാന്യമെങ്കില്‍ ‘സ്പ്രിംഗ് സമ്മറി’ല്‍ ഒരുതരം ധ്യാനാവസ്ഥയിലേക്ക് ക്യാമറ ഫോക്കസ് ചെയ്യുന്ന സംവിധായകനെ കാണാമായിരുന്നു. അമേരിക്കയില്‍ തീയേറ്റര്‍ റിലീസ് ലഭിച്ച ചിത്രവുമാണ് അത്. കരിയറില്‍ വിവാദങ്ങളിലൂടെയും തമസ്കരണങ്ങളിലൂടെയും വ്യക്തിപരമായ വേദനകളിലൂടെയും കടന്നുപോയ സംവിധായകന്‍ കൂടിയാണ് കിം കി ഡുക്ക്. ലോകമാകമാനം സ്വീകാര്യത ലഭിച്ചപ്പോഴും കിം കി ഡുക്ക് ചിത്രങ്ങള്‍ സ്ത്രീവിരുദ്ധമാണെന്ന് അഭിപ്രായമുള്ളവര്‍ തെക്കന്‍ കൊറിയയില്‍ ഉണ്ടായിരുന്നു.

മലയാളികള്‍ക്ക് കിം കി ഡുക്കിനെ പരിചയപ്പെടുത്തിക്കൊടുത്തത് ഐഎഫ്എഫ്കെ ആണ്. 15 വര്‍ഷം മുന്‍പ് നടന്ന ചലച്ചിത്രോത്സവത്തില്‍ കിമ്മിന്‍റെ പ്രധാന ചിത്രങ്ങള്‍ അടങ്ങിയ റെട്രോസ്പെക്ടീവ് ഉണ്ടായിരുന്നു. മലയാളി സിനിമാസ്വാദകരുടെ രുചിമുകുളങ്ങള്‍ക്ക് എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് ചേര്‍ന്ന സംവിധായകനായിരുന്നു അദ്ദേഹം. റെട്രോസ്പെക്ടീവ് നടന്ന വര്‍ഷം ആസ്വാദകരുടെ കുത്തൊഴുക്ക് കാരണം പല ചിത്രങ്ങളും പുനപ്രദര്‍ശനങ്ങള്‍ നടത്തേണ്ടതായും വന്നു. മലയാളികളുടെ സ്നേഹം നേരിട്ടുകാണാന്‍ ഒരുതവണ ഐഎഫ്എഫ്കെയ്ക്ക് അദ്ദേഹം നേരിട്ടെത്തുകയും സംവദിക്കുകയും ചെയ്തു. മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട അന്തര്‍ദേശീയ സംവിധായകരില്‍ ഒരാളാണ് വിടവാങ്ങുന്നത്.

സ്പ്രിങ്, സമ്മർ, ഫാൾ, വിൻർ… ആൻ്​ സ്പ്രിങ് (2003), വൈൽഡ് ആനിമൽസ് (1996) ബ്രിഡ്കേജ് ഇൻ (1998) റിയൽ ഫിക്ഷൻ (2000) ദെ ഐസ്​ൽ (2000) അഡ്രസ് അൺനോൺ (2001) ബാഡ് ഗയ് (2001) ദി കോസ്റ്റ് ഗാർഡ് (2002) ദി ബോ (2005) ബ്രീത്ത് (2007) ഡ്രീം (2008) പിയാത്ത (2012) മോബിയസ് (2013) തുടങ്ങിയവയാണ്​ ​മറ്റു പ്രധാന ചിത്രങ്ങൾ.