ലോകത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള അവാർഡ് മഹാരാഷ്ട്രയിലെ സർക്കാർ സ്കൂൾ അധ്യാപകന്; ഏഴരക്കോടിയുടെ പുരസ്കാരം

ദുബൈ: ലോകത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള ഈ വർഷത്തെ ഗ്ലോബൽ ടീച്ചർ പ്രൈസിന് ഇന്ത്യൻ അധ്യാപകൻ രഞ്ജിത് സിൻഹ് ഡിസാലെ അര്‍ഹനായി. ഏഴരക്കോടിയോളം രൂപയുടെ ഗ്ലോബർ ടീച്ചർ പുരസ്ക്കാരമാണ് മഹാരാഷ്ട്രയിലെ സർക്കാർ സ്കൂൾ അധ്യാപകന് ലഭിച്ചത്.

പരിതെവാഡി സ്വദേശി രഞ്ജിസിങ് ഡിസാലെയാണ് പുരസ്ക്കാരത്തിന് അർഹനായത്. സോലാപൂരിലെ സില്ല പരിഷത് പ്രൈമറി സ്‌കൂളിലെ പെണ്‍കുട്ടികളുടെ പഠനത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് അവാര്‍ഡ്. 140 രാജ്യങ്ങളിൽനിന്നുള്ള 12,000 അപേക്ഷകരിൽനിന്നാണ് ഡിസാലയെ വിജയിയായി തിരഞ്ഞെടുത്തത്.

തികച്ചും ശോചനീയാവസ്ഥയിലായിരുന്ന സോലാപൂര്‍ ഗ്രാമത്തില്‍ ബാലവിവാഹവും പതിവായിരുന്നു. ഇത് ഇല്ലാതാക്കിക്കൊണ്ട് നൂറു ശതമാനം പെണ്‍കുട്ടികളെയും വിദ്യാലയങ്ങളിലെത്തിക്കാന്‍ മുന്‍കൈയ്യെടുത്തതും പുരസ്കാരത്തിന് പരിഗണിക്കാന്‍ കാരണമായി.

അവാര്‍ഡ് തുകയുടെ പകുതിയും തന്റെ കൂടെ ഫൈനലിസ്റ്റുകളായിരുന്ന, സമൂഹ നന്മയ്ക്കായി പോരാടിയ മറ്റു പത്ത് അധ്യാപകര്‍ക്കുമായി വീതിച്ചു നല്‍കുമെന്നും ഡിസാലെ പറഞ്ഞു. ലോകമെമ്പാടുള്ള അധ്യാപകര്‍ക്ക് അവാര്‍ഡ് പ്രേരണയാവുമെന്ന് പ്രതീക്ഷിക്കുന്നതായി ഗ്ലോബല്‍ ടീച്ചര്‍ ഫൗണ്ടേഷന്‍ സ്ഥാപകനും ജെംസ് എജ്യുക്കേഷന്‍ ചെയര്‍മാനുമായ സണ്ണി വര്‍ക്കി പറഞ്ഞു.

പാഠങ്ങളുടെ ഓഡിയോകളും വീഡിയോകളും ക്യുആര്‍ കോഡ് വഴി ലഭ്യമാക്കുന്ന രീതി ആദ്യമായി പരീക്ഷിച്ചത് ഡിസാലെയാണ്. 2017ല്‍ വിദ്യാഭ്യാസമന്ത്രാലയം പദ്ധതി ഏറ്റെടുത്തു.

ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ രക്ഷകര്‍തൃത്വത്തില്‍ വര്‍ക്കി ഫൗണ്ടേഷന്‍ 2014 മുതലാണ് ഗ്ലോബല്‍ ടീച്ചര്‍ പ്രൈസ് നല്കിതുടങ്ങിയത്.