തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് കാലമായതിനാൽ ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിൽ വിവാദമൊഴിവാക്കാൻ തന്ത്രപരമായ സര്‍ക്കാര്‍ നീക്കം. കഴിഞ്ഞദിവസമാണ് വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചത്. ഓണ്‍ലൈന്‍ ബുക്കിങ്ങിനുള്ള വ്യവസ്ഥയില്‍ യുവതികൾക്ക് പ്രവേശനമില്ലെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയത് ചർച്ചയായി. ബുക്കിങ് പൂര്‍ത്തിയായതിനാല്‍ ഈ മണ്ഡല മകരവിളക്ക് കാലത്ത് യുവതീ പ്രവേശനമുണ്ടാകില്ലെന്ന് ഏറക്കുറെ ഉറപ്പായി.
അതേസമയം യുവതീപ്രവേശനം വിലക്കിയതിനെക്കുറിച്ച് പൊലീസ് ഔദ്യോഗികമായി വിശദീകരണം നല്‍കിയിട്ടില്ല. യുവതീപ്രവേശനം അനുവദിച്ചുള്ള ഉത്തരവിനെതിരായ പുനഃപരിശോധന ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
എന്നാൽ, യുവതീപ്രവേശനം അനുവദിച്ച വിധിക്ക് ഇതുവരെ സ്റ്റേ നൽകിയിട്ടില്ല. യുവതീപ്രവേശനത്തെ അനുകൂലിച്ചുള്ള ഇടത് സര്‍ക്കാരിൻ്റെ സത്യവാങ്മൂലം തിരുത്തിയിട്ടുമില്ല. അതിനിടെയാണ് തദ്ദേശ തെരഞ്ഞെടുപ്പ് പശ്ചാതലത്തിൻ്റെ സര്‍ക്കാരിൻ്റെ തന്ത്രപരമായ നീക്കം. ഇതിൻ്റെ ഭാഗമായാണ് ഇപ്പോൾ യുവതികൾക്ക് പ്രവേശനം നിഷേധിച്ചതെന്നുവേണം അനുമാനിക്കാൻ.
അതേസമയം ശബരിമലയില്‍ വെർച്വൽ ക്യൂ ബുക്കിങ്ങിൽനിന്ന് യുവതികളെ വിലക്കിയതിൽ തങ്ങൾക്ക് പങ്കില്ലെന്നും തീരുമാനം പൊലീസിൻ്റേതാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് വിശദീകരിക്കുന്നു. 10നും 50നും ഇടയിലും 65 വയസ്സിനു മുകളിലും പ്രായമുള്ളവർക്ക് ദർശനത്തിന് അനുമതിയില്ലെന്നാണ് വെർച്വൽ ക്യൂ ബുക്കിങ്ങിൽ വ്യക്തമാക്കിയിട്ടുള്ളത്. ട്രാൻസ്ജെൻഡർ വിഭാഗത്തിനും ഇത് ബാധകമാണ്.
ദിവസങ്ങൾക്കുമുമ്പ് വരെ 1000 പേർക്കായിരുന്നു സന്ദർശനാനുമതി. ഇത് രണ്ടായിരമായി വർധിപ്പിച്ച തോടെയാണ് കഴിഞ്ഞദിവസം വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചത്.
പുനഃപരിശോധന ഹർജികള്‍ കോടതി പരിഗണിക്കുമ്പോള്‍ തങ്ങളുടെ നിലപാട് അറിയിക്കാമെന്നാണ് ബോര്‍ഡിൻ്റെ വിശദീകരണം. കൊറോണ സാഹചര്യത്തിൽ ശബരിമലയിലെ തിരക്ക് ഒഴിവാക്കാനായാണ് ഇത്തരത്തിലുള്ള ക്രമീകരണങ്ങളെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു.