വാഷിംഗ്ടൺ: 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിക്കാനിടയായ ഗാൽവൻ സംഘർഷം ചൈന ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് അമേരിക്കയിലെ ഉന്നതതല സമിതി. യുണൈറ്റഡ് സ്റ്റേറ്റ്സ് – ചൈന എക്കണോമിക് ആൻഡ് സെക്യൂരിറ്റി റിവ്യൂ കമ്മീഷൻ (യുഎസ്സിസി) ബുധനാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. 2020 ജൂണിലാണ് ഗാൽവൻ സംഘർഷമുണ്ടായത്.
ജപ്പാൻ മുതൽ ഇന്ത്യവരെയുള്ള രാജ്യങ്ങൾക്കെതിരെ ചൈന സമ്മർദ്ദ തന്ത്രങ്ങൾ പ്രയോഗിക്കുകയും പ്രകോപനപരമായി പെരുമാറുകയും ചെയ്യാൻ തുടങ്ങിയതിന് പിന്നാലെയാണ് ഗാൽവാൻ സംഭവം അവർ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് തെളിവുകൾ ചൂണ്ടിക്കാട്ടുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ആളപായം ഉണ്ടാകാനുള്ള സാധ്യതപോലും ചൈന മുന്നിൽക്കണ്ടിരുന്നുവെന്നാണ് യുഎസ് സമിതി പറയുന്നത്.
ഇരുരാജ്യങ്ങളെയും വേർതിരിക്കുന്ന യഥാർഥ നിയന്ത്രണ രേഖയിൽ കിഴക്കൻ ലഡാക്കിന് സമീപമാണ് ഗാൽവൻ താഴ്വര. 2020 മെയ് മാസം മുതലുണ്ടായ ഉരസലുകൾക്കൊടുവിലാണ് 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിക്കുകയും ചൈനീസ് സൈനികർ കൊല്ലപ്പെടുകയും ചെയ്ത ഗാൽവൻ സംഘർഷമുണ്ടായത്. എത്ര ചൈനീസ് സൈനികരാണ് കൊല്ലപ്പെട്ടത് എന്നകാര്യം ഇനിയും സ്ഥിരീകരിച്ചിട്ടില്ല.
1975 നുശേഷം ഇരുഭാഗത്തും ആൾനാശമുണ്ടാകുന്ന ആദ്യ സംഭവമായിരുന്നു ഇത്. അതിർത്തി ഭദ്രമാക്കുന്നതിനായി സൈനിക ശക്തി ഉപയോഗിക്കാൻ ചൈനീസ് പ്രതിരോധമന്ത്രി നിർദ്ദേശിച്ചതിന് പിന്നാലെ ആയിരുന്നു സംഭവം. ഇന്ത്യൻ ഭൂപ്രദേശം കൈയടക്കുകയായിരുന്നു ചൈനയുടെ ലക്ഷ്യമെന്ന് ബ്രൂക്കിങ്സ് ഇൻസ്റ്റിറ്റിയൂഷനിലെ സീനിയർ ഫെലോ തൻവി മദനെ ഉദ്ധരിച്ചുകൊണ്ട് യുഎസ് ഉന്നതതല സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. നീക്കം ഫലംകാണുമെന്ന് ചൈന കണക്കുകൂട്ടിയിരുന്നു. അമേരിക്കയോട് കൂടുതൽ അടുക്കുന്ന ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകാൻ ലക്ഷ്യമിട്ടാണ് യഥാർഥ നിയന്ത്രണ രേഖയിലെ നിർമാണ പ്രവർത്തനങ്ങൾ ചൈന തടഞ്ഞത്. എന്നാൽ ചൈനയുടെ നീക്കങ്ങളെല്ലാം പാളി.
യുഎസ് – ചൈന വ്യാപാര യുദ്ധം ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരത്തെ ബാധിക്കുന്ന സാഹചര്യമുണ്ടായാൽ ഇന്ത്യ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ചൈനീസ് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഗ്ലോബൽ ടൈംസ് പ്രസിദ്ധീകരിച്ച എഡിറ്റോറിയലിൽ മുന്നറിയിപ്പ് നൽകിയിരുന്ന കാര്യവും റിപ്പോർട്ടിൽ എടുത്തു പറയുന്നുണ്ട്. സംഘർഷമുണ്ടാകുന്നതിന് ഒരാഴ്ചമുമ്പ് പകർത്തിയ ഉപഗ്രഹ ചിത്രങ്ങളിൽ ആയിരത്തോളം പിഎൽഎ സൈനികരുടെ സാന്നിധ്യം ഗാൽവൻ താഴ്വരയിലുണ്ടെന്നകാര്യം വ്യക്തമായിരുന്നു.
ഇന്ത്യ – ചൈന സൈനികർ തമ്മിൽ പലതവണ സംഘർഷത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിലും ഷി ജിൻപിങ് 2012 ൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയായി അവരോധിക്കപ്പെട്ടതിനുശേഷം അഞ്ച് തവണയാണ് വൻ സംഘർഷങ്ങൾ ഉണ്ടായതെന്നും യുഎസ് സമിതിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.