തിരുവനന്തപുരം: ഹൈക്കോടതി നിർദേശത്തെത്തുടർന്ന് വിചാരണ തടവുകാർക്ക് ഇടക്കാല ജാമ്യം. വിവിധ ജയിലുകളിൽ കഴിഞ്ഞിരുന്ന 1,338 തടവുകാർക്ക് പരോൾ അനുവദിച്ചു. ഇതിൽ 852 പേർ ശിക്ഷ അനുഭവിക്കുന്നവരും 486 പേർ വിചാരണ തടവുകാരുമാണ്. തിരുവനന്തപുരം സെന്‍ട്രൽ ജയിലിൽനിന്ന് 101 പേരും നെട്ടുകാൽത്തേരിയിൽനിന്ന് 321 പേരും ചീമേനിയിൽനിന്ന് 151പേരും വിയ്യൂരിൽനിന്ന് 79 പേരും കണ്ണൂരിൽനിന്ന് 75 പേരും പരോളിൽ പോയി. മറ്റുള്ളവർ ജില്ലാ ജയിലുകളില്‍നിന്നും വനിതാ ജയിലുകളിൽനിന്നുമാണ് പരോളിൽപോയത്.
ശിക്ഷാ തടവുകാർക്ക് സാധാരണ പരോളാണ് അനുവദിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ശിക്ഷാ തടവുകാരുടെ പരോൾ കാലാവധി 15 ദിവസത്തിൽനിന്ന് 60 ദിവസമായി ഉയർത്തി. വിചാരണത്തടവുകാർക്ക് ഹൈക്കോടതി നിർദേശം അനുസരിച്ചാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ഏപ്രിൽ 30 അല്ലെങ്കിൽ ലോക്ഡൗൺ തീരുന്ന തീയതി ഏതാണോ ആദ്യം അതുവരെ ജാമ്യം. ബുധനാഴ്ച വൈകിട്ടുവരെ 486 പേർ ജാമ്യത്തിലിറങ്ങി.
ശിക്ഷ അനുഭവിക്കുന്ന തടവുകാരിൽ 105പേരെ ലോക്ഡൗണിനു മുൻപ് പരോളിൽ വിട്ടിരുന്നു. അവരുടെ പരോൾ കാലാവധി നീട്ടി. ഏപ്രിൽ 16ന് മടങ്ങി എത്തിയാൽ മതിയാകും. ലോക്ഡൗൺ പ്രഖ്യാപിച്ചശേഷം 747പേരെ പരോളിൽ വിട്ടു. സാധാരണ പരോളിൽ പോകുന്ന പ്രശ്നക്കാരല്ലാത്ത തടവുകാർക്കാണ് ഇത്തവണയും പരോൾ അനുവദിച്ചിരിക്കുന്നത്.
ഏഴുവർഷംവരെ ശിക്ഷ ലഭിക്കാവുന്ന കേസുകളിൽപ്പെട്ടു ജയിലുകളിൽ കഴിയുന്നവർക്കാണ് ജാമ്യത്തിന് അർഹത.
ജാമ്യത്തിലിറങ്ങുന്ന പ്രതികൾ ലോക്ഡൗൺ പാലിച്ച് വീടുകളിൽ കഴിയണം. സ്ഥിരം കുറ്റവാളികളെയും ഒന്നിലേറെ കേസുകളിൽപ്പെട്ടവരെയും ജാമ്യത്തിനായി പരിഗണിച്ചില്ല. 486പേർ ജാമ്യത്തിലിറങ്ങിയ വിവരം പൊലീസ് സ്റ്റേഷനുകളിലും കോടതിയിലും അറിയിച്ചു. ലോക്ഡൗൺ നീണ്ടാൽ ജാമ്യം തുടരും. കാലാവധി തീരുമ്പോൾ കോടതിയിൽ ഹാജരായി ജാമ്യം നേടണം. വ്യവസ്ഥകളുടെ ലംഘനം ഉണ്ടായാൽ പൊലീസിന് അറസ്റ്റു ചെയ്യാം.