മുംബൈ: പത്തുലക്ഷത്തോളം ആളുകൾ തിങ്ങിപ്പാർക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ കോവിഡ് ബാധയെത്തുടർന്ന് 56 വയസ്സുകാരൻ മരിച്ചു. ധാരാവി ബലിഗാനഗർ എസ്ആർഎ സൊസൈറ്റി മേഖലയിൽ താമസിച്ചിരുന്നയാളാണ് രാത്രി മുംബൈ സയൺ സർക്കാർ ആശുപത്രിയില്‍ മരിച്ചത്.ഇയാളുടെ മരണം ധാരാവി ചേരിയിലും മുംബൈയിലും ആശങ്ക പടർത്തി. പനിയും തൊണ്ടവേദനയുമായി മാർച്ച് 23ന് വീടിനടുത്ത് ഡോക്ടറെ കണ്ടിരുന്നു. 26ന് വീണ്ടും ചികിൽസ തേടി ചെന്നപ്പോൾ സയൺ ആശുപത്രിയിലേക്ക് നിർദേശിച്ചു. അവിടെ ചികിൽസയിലിരിക്കെയാണു സാംപിള്‍ പരിശോധനയ്ക്ക് അയച്ചത്. കൊറോണ സ്ഥിരീകരിച്ചുള്ള റിപ്പോർട്ട് പുറത്തുവന്നു മണിക്കൂറുകൾക്കകമാണ് മരണം.
ഇതോടെ, ബുധനാഴ്ച മഹാരാഷ്ട്രയിൽ മരിച്ചവരുടെ എണ്ണം ഏഴായി. സംസ്ഥാനത്തെ ആകെ മരണസംഖ്യ 17 ആയി ഉയർന്നു.ജനം തിങ്ങിപ്പാർക്കുന്ന ചേരിമേഖലയായതിനാൽ ധാരാവിയിലെ കൊറോണ ബാധയും മരണവും വലിയ ആശങ്കയാണ് മുംബൈയിൽ വിതച്ചിരിക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള മേഖലകളിലൊന്നാണെന്നിരിക്കെ സമൂഹവ്യാപന സാധ്യതയാണ് ആശങ്കയ്ക്കു കാരണം.
രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉടൻ ധാരാവിയിലെ ഇദ്ദേഹത്തിന്റെ താമസമേഖല മുംബൈ കോർപറേഷൻ അധികൃതര്‍ സീല്‍ ചെയ്തിരുന്നു.
300 വീടുകളും നൂറോളം ചെറുകടകളും ഉള്ള പ്രദേശമാണിത്. ഏഴു കുടുംബാംഗങ്ങളെ ക്വാറന്റീൻ ചെയ്ത് തുടർനടപടികൾ സ്വീകരിക്കുന്നതിനിടെയാണ് മരണവാര്‍ത്ത. ഇദ്ദേഹത്തോട് അടുത്ത് ഇടപഴകിയവരെ കണ്ടെത്തി ഐസലേഷൻ നടപടികൾക്കുള്ള ശ്രമങ്ങ
ള്‍ പുരോഗമിക്കുകയാണ്. ഏതാനും പേരുടെ സാംപിളുകൾ പരിശോധനയ്ക്ക് അയയ്ക്കാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്തതായി അധികൃതർ പറഞ്ഞു.