കൊറോണ ബാധിച്ച് മരിച്ചയാള്‍ വീട്ടിലെത്തി; ഞെട്ടിത്തരിച്ച് കുടുംബാംഗങ്ങള്‍

കൊല്‍ക്കത്ത: കൊറോണ ബാധിച്ച് മരിച്ചയാള്‍ ഒരാഴ്ച കഴിഞ്ഞ് വീട്ടിലെത്തി. 75കാരനായ ശിബ്ദാസ് ബാനര്‍ജിയാണ് വീട്ടില്‍ തിരിച്ചെത്തിയത്. ശിബ്ദാസ് മരിച്ചെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതനുസരിച്ച് കുടുംബാംഗങ്ങള്‍ മൃതദേഹം മറവ് ചെയ്യുകയും അന്ത്യകര്‍മങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.

ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ജീവനോടെ ശിബ്ദാസ് ബാനര്‍ജി എത്തിയത്. പശ്ചിമബംഗാളിലെ കര്‍ദയിലുള്ള ബല്‍റാംപൂര്‍ ബസു ആശുപത്രിയിലാണ് സംഭവം. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മൃതദേഹം മാറിപ്പോകാൻ ഇടയാക്കിയത്.

നവംബര്‍ 13ന് ഇയാള്‍ മരിച്ചെന്നാണ് ആശുപത്രിയില്‍ നിന്ന് അറിയിച്ചത്. ആ മൃതദേഹം ഇവര്‍ക്ക് വിട്ടുനല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കൊറോണ ആയതുകൊണ്ട് മുഖം വ്യക്തമായി കാണാന്‍ സാധിച്ചില്ല. കൊറോണ പ്രോട്ടോക്കോള്‍ പാലിച്ചാണ് മൃതദേഹം സംസ്‌കരിച്ചത്.

ഒരാഴ്ച കഴിഞ്ഞ് മരണാനന്തര ചടങ്ങുകൾ നടത്താനിരിക്കെയാണ് ശിബ്ദാസ് ബാനര്‍ജി വീട്ടിലെത്തുന്നത്. മൃതദേഹം മാറിപ്പോയതാണെന്നും അതേദിവസം ആശുപത്രിയില്‍ മറ്റൊരു രോഗി മരിച്ചിരുന്നുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. രണ്ടു പേരുടെയും വിവരങ്ങള്‍ പരസ്പരം മാറിപ്പോകുകയായിരുന്നു. ആശുപത്രിയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച്ച അന്വേഷിക്കാന്‍ ജില്ലാ ആരോഗ്യ വകുപ്പ് നാലംഗ കമ്മിറ്റിയെ നിയോഗിച്ചു.