വാഷിംഗ്ടൺ: ആഗോള ജനതയുടെ നാഡിമിടിപ്പുകൾ വർധിപ്പിച്ച് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി പെരുകുന്നു. കൊറോണ ബാധിതർ ഒൻപത് ലക്ഷവും പിന്നിട്ടു. ഇന്നത് പത്ത് ലക്ഷം കടക്കുമെന്നാണ് സൂചന. പുതിയ കണക്കുകൾ പ്രകാരം ലോകവ്യാപകമായി 9,28,565 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്.
മൂന്നു മാസത്തിനകം അമേരിക്കയിൽ മാത്രം മരണസംഖ്യ ഒരു ലക്ഷം മുതൽ 240000 വരെ ആകാമെന്ന് വൈറ്റ് ഹൗസിനെ ഉദ്ധരിച്ച് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. മരണങ്ങൾ കുറയ്ക്കാൻ കർശന നിയന്ത്രണങ്ങളാണ് ഏക മാർഗ്ഗമെന്ന് യുഎസ് പ്രതിരോധ വിഭാഗം പറയുന്നു.
ന്യൂയോർക്ക് സംസ്ഥാനത്തു മാത്രം കൊറോണ രോഗികളുടെ എണ്ണം76,000 കടന്നു. ചൈനയിലെ മൊത്തം രോഗബാധിതരുടെ എണ്ണം ന്യൂയോർക്ക് മറികടക്കും. 2996 പേർ കൊല്ലപ്പെട്ട 9/11 ഭീകരാക്രമണത്തിലും വലിയ നഷ്ടമാണു കൊറോണ യുഎസിൽ ഇതിനകം തന്നെ വിതച്ചിരിക്കുന്നത്. മരണം നാലായിരത്തിലേറെയായി. ന്യൂയോർക്കിൽ മാത്രം 1500 കവിഞ്ഞു.
‘‘തുരങ്കത്തിന്റെ അവസാനം നമ്മൾ വെളിച്ചം കാണും. പക്ഷേ, അവിടേക്കുള്ള യാത്ര ഏറെ ദുഷ്കരം. മുൻപു നാം അഭിമുഖീകരിച്ചിട്ടില്ലാത്ത സാഹചര്യം’’– യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതിങ്ങനെ. ന്യൂജഴ്‌സി, കലിഫോർണിയ, മിഷിഗൻ, ഫ്ലോറിഡ, വാഷിങ്ടൻ എന്നിവയുൾപ്പെടെ 9 സംസ്ഥാനങ്ങളിൽ രോഗികൾ 5000 കവിഞ്ഞു. രാജ്യത്തുടനീളം ഇപ്പോൾ യുദ്ധാലാടിസ്ഥാനത്തിൽ താൽക്കാലിക ആശുപത്രികൾ ഉൾപ്പെടെ ചികിത്സാസംവിധാനങ്ങൾ ഏർപ്പെടുത്തുകയാണ്.
ഇതിനിടെ കോവിഡ് രോഗികളുമായി കടലിൽ കുടുങ്ങിയ ഡച്ച് കപ്പലിനു വേണ്ടി അറ്റ്ലാന്റിക് തീരത്തെ തുറമുഖം തുറക്കാൻ ട്രംപ് ഫ്ലോറിഡയോടു നിർദേശിച്ചു. കപ്പലിലെ 4 യാത്രക്കാർ മരിച്ചതിനെതുടർന്ന് തീരത്തേക്കുള്ള പ്രവേശനം ഫ്ലോറിഡ ഗവർണർ തടഞ്ഞിരിക്കുകയായിരുന്നു. പുതിയ സാഹചര്യത്തിൽ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു നടപടികളും വൈകിയേക്കും.
46,517 പേർ കോവിഡ് ബാധയേത്തുടർന്ന് മരണത്തിനു കീഴടങ്ങി. 1,93,750 പേർക്ക് മാത്രമാണ് ആഗോള വ്യാപകമായി രോഗം ഭേദമായത്. അമേരിക്കയാണ് രോഗ ബാധിതരുടെ എണ്ണത്തിൽ മുന്നിൽ 2,11,408 പേർക്കാണ് രാജ്യത്ത് വൈറസ് ബാധിച്ചിട്ടുള്ളത്.
അടുത്ത രണ്ടാഴ്ച രാജ്യത്തിന് ഏറെ വേദനാജനകമായിരിക്കുമെന്നും രണ്ടരലക്ഷത്തിലേറെപ്പേർ വൈറസ് ബാധയേറ്റ് മരിക്കുമെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇറ്റലിയിലും കഴിഞ്ഞ 24 മണിക്കൂറിനിടെ മരണ സംഖ്യ വൻതോതിൽ ഉയർന്നു. 727 പേരാണ് മരണപ്പെട്ടത്. 4,782 പേർക്ക് പുതുതായി രോഗം ബാധിച്ചിട്ടുണ്ട്. രാജ്യത്താകെ 1,10,574 പേർക്ക് വൈറസ് ബാധിച്ചിട്ടുണ്ട്. 13,155 പേരാണ് ഇറ്റലിയിൽ മരണപ്പെട്ടത്.
സ്പെയിനിൽ 24 മണിക്കൂറിനിടെ 667 പേർ വൈറസ് ബാധയേത്തുടർന്ന് മരണത്തിനു കീഴടങ്ങിയതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 9,131 ആയി ഉയർന്നു. 1,02,179 പേർക്കാണ് ഇറ്റലിയിൽ കോവിഡ് ബാധിച്ചിട്ടുള്ളത്. ആറായിരത്തിലേറെപ്പേർക്ക് പുതുതായി രോഗം ബാധിച്ചെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
56,989 പേർക്ക് വൈറസ് ബാധിച്ചിട്ടുള്ള ഫ്രാൻസിൽ 4,861 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോൾ 29,474 പേർക്ക് രോഗബാധയുള്ള ബ്രിട്ടനിൽ 4,324 പേർക്ക് പുതുതായി രോഗബാധയുണ്ടായി. രണ്ടിടങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിനിടെ യഥാക്രമം 509 ഉം 563ഉം പേർ മരണത്തിനു കീഴടങ്ങി.
വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിൽ പക്ഷേ ൈവൈറസ് ബാധിക്കുന്നവരുടെ എണ്ണത്തിലും മരണസംഖ്യയിലും കുറവ് വന്നത് ലോകത്തിനാകെ പ്രതീക്ഷ നൽകുന്നുണ്ട്. പുതുതായി ഏഴു പേർക്ക് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 36 പേരാണ്് ഇവിടെ 24 മണിക്കൂറിനിടെ മരണപ്പെട്ടത്.