കൊറോണ ; വിദേശത്ത് മരിച്ചത് 5 മലയാളികൾ

തിരുവനന്തപുരം: കൊറോണ ബാധിച്ചു കേരളത്തിനു പുറത്ത് മരിച്ചത് 5 മലയാളിക‌ൾ. യുഎസിൽ രണ്ടു മലയാളികളും ദുബായിലും മുംബൈയിലും യുകെയിലും ഒരാൾ വീതവും മരിച്ചു. പത്തനംതിട്ട ഇലന്തൂർ ഈസ്റ്റ് ആലനിൽക്കുന്നതിൽ കുഴിക്കൽ (താഴയിൽ) പാപ്പച്ചന്റെ മകൻ തോമസ് ഡേവിഡ് (ബിജു – 47), പത്തനംതിട്ട സ്വദേശി പരേതനായ സാമുവലിന്റെ ഭാര്യ കുഞ്ഞമ്മ (85) എന്നിവരാണു യുഎസിൽ മരിച്ചത്. മലപ്പുറം പൊന്ന്യാകുർശി സ്വദേശിയായ പരേതനായ പച്ചീരി അയമുട്ടിയുടെ മകൻ ഡോ. പച്ചീരി ഹംസ (80) ആണ് ലണ്ടനിലെ വെസ്റ്റ് മിഡ്‌ലാൻഡിൽ മരിച്ചത്.

മുംബൈയിൽ മരിച്ചത് തലശ്ശേരി കതിരൂർ സ്വദേശി അശോകൻ (63). മരണശേഷമാണ് കൊറോണ സ്ഥിരീകരിച്ചത്. തൃശൂർ കയ്പമംഗലം പുത്തൻപള്ളിക്കു സമീപം തേപ്പറമ്പിൽ പരീദ് (67) ആണു ദുബായിൽ മരിച്ചത്. ഇദ്ദേഹം അർബുദ രോഗിയുമായിരുന്നു.

ന്യൂയോർക്കിൽ മരിച്ച പത്തനംതിട്ട ഇലന്തൂർ സ്വദേശി തോമസ് ഡേവിഡ് (ബിജു– 47), 20 വർഷമായി ന്യൂയോർക്ക് മെട്രോ റെയിൽ ഉദ്യോഗസ്ഥനാണ്. പനി കാരണം ഡോക്ടറെ കണ്ട് മരുന്നു വാങ്ങി വീട്ടിൽ വിശ്രമത്തിലായിരുന്നു.

രോഗം മൂർച്ഛിച്ചതിനെ തുടർന്ന് 23ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ചയിലേറെയായി വെന്റിലേറ്ററിലായിരുന്നു. സംസ്കാരം ന്യൂയോർക്കിൽതന്നെ നടത്തും. പുത്തൻകാവ് തമ്പുരാൻകുഴിയിൽ രാജുവിന്റെ മകൾ സൈജുവാണ് ഭാര്യ. മക്കൾ: നിയ, മേഘ, എലീഫ.

ബിജുവിന്റെ മാതാപിതാക്കൾ 35 വർഷമായി യുഎസിലാണ്. 2018 ജൂണിലാണ് അവസാനമായി നാട്ടി‍ലെത്തിയത്. ന്യൂജഴ്സിയിൽ മരിച്ച പത്തനംതിട്ട സ്വദേശി കുഞ്ഞമ്മ (85) കാക്കനാട് ജയരാജ് അപാർട്മെന്റിലായിരുന്നു താമസം. ഭാരത് പെട്രോളിയം കോർപ്പറേഷനിൽ ജീവനക്കാരനായിരുന്ന ഭർത്താവ് സാമുവൽ വർഷങ്ങൾക്കു മുൻപു മരിച്ചു. പിന്നീട് മകൾ ലൂസിക്കും മരുമകൻ രാമമംഗലം കോരങ്കടവ് നീർകുന്നത്ത് വർഗീസ് എൻ.കുര്യാക്കോസിനുമൊപ്പം ന്യൂജഴ്സിയിലാണ്. 3 വർഷം മുൻപാണ് നാട്ടിലെത്തി മടങ്ങിയത്.

വീഴ്ചയിൽ കാലിനു പരുക്കേറ്റ് ഒരു മാസത്തോളമായി ആശുപത്രിയിലായിരുന്നു. മുംബൈയിൽ കമ്പനി ജീവനക്കാരനായ മോഹനാണ് കുഞ്ഞമ്മയുടെ മകൻ. മുംബൈയിൽ മരിച്ച തലശ്ശേരി സ്വദേശി അശോകൻ (63), അന്ധേരി സാക്കിനാക്കയിലായിരുന്നു താമസം. പനിയും തൊണ്ടവേദനയുമായി വീട്ടിൽ കഴിയുന്നതിനിടെ, സമീപത്തെ ക്ലിനിക്കിൽ ചികിത്സ തേടി. ഗുരുതരാവസ്ഥയിലായതിനെ തുടർന്നു ഘാട്കോപ്പറിലെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും എത്തുംമുൻപു മരിച്ചു.

മരണശേഷമാണു രോഗം സ്ഥിരീകരിച്ചു പരിശോധനാഫലം വന്നത്. കുടുംബാംഗങ്ങളെയും അടുത്ത് ഇടപഴകിയവരെയും ഐസലേഷനിൽ പ്രവേശിപ്പിച്ചു. വേറ്റുമ്മലിനു സമീപം ആണിക്കാംപൊയിലിൽ വലിയപറമ്പത്ത് കുടുംബാംഗമായ അശോകൻ 8 മാസം മുൻപാണ് നാട്ടിലെത്തി തിരിച്ചുപോയത്. സംസ്കാരം മുംബൈയിൽ. ഭാര്യ: രാജലക്ഷ്മി. മക്കൾ: ജിംഷിദ്, ജിൻസി.

കയ്പമംഗലം സ്വദേശി പരീദ് (67) 9 മാസം മുൻപാണു ഭാര്യ നഫീസയ്ക്കൊപ്പം ദുബായിലെത്തിയത്. കബറടക്കം ദുബായിൽ. മക്കൾ: ഫൈസൽ ഫരീദ്, അബ്ദുൽ ഫത്താഹ്, സൈഫുദ്ദീൻ സാജിദ്