ശ്രീശാന്ത് വീണ്ടും കളി കളത്തിലേക്ക് ; തിരികെയെത്തുന്നത് ഏഴ് വർഷത്തെ ഇടവേളയ്ക്കു ശേഷം

കൊച്ചി: ഏഴ് വർഷത്തെ ഇടവേളയ്ക്കു ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിവരാൻ ഒരുങ്ങി മലയാളി താരം എസ്. ശ്രീശാന്ത്. ഐപിഎൽ ഒത്തുകളിക്കേസുമായി ബന്ധപ്പെട്ട് ശ്രീശാന്തിന് ബിസിസിഐ ഏർപ്പെടുത്തിയിരുന്ന 7 വർഷത്തെ വിലക്കിന്റെ കാലാവധി ഈ വർഷം സെപ്റ്റംബർ 13ന് അവസാനിച്ചിരുന്നു.

ഇന്ത്യൻ പ്രീമിയർ ലീഗ് മാതൃകയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംഘടിപ്പിക്കുന്ന ട്വന്റി20 ലീഗിലൂടെയാണ് മുൻ ഇന്ത്യൻ താരത്തിന്റെ ഔദ്യോഗിക മടങ്ങിവരവ്.

മുപ്പത്തിയേഴുകാരനായ ശ്രീശാന്ത് 27 ടെസ്റ്റുകളിലും 53 ഏകദിനങ്ങളിലും ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 87 വിക്കറ്റ്, 284 റൺസ്. ഏകദിനത്തിൽ 75 വിക്കറ്റ്, 44 റൺസ്. 10 ട്വന്റി20 മത്സരങ്ങളിൽനിന്ന് 7 വിക്കറ്റ്, 20 റൺസ്. 2007ൽ ട്വന്റി20 ലോകകപ്പും 2011ൽ ഏകദിന ലോകകപ്പും നേടിയ ഇന്ത്യൻ ടീമുകളിൽ അംഗമായിരുന്നു.

ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾക്കായും കളിച്ചു.കേരള പ്രീമിയർ ലീഗിൽ ശ്രീശാന്ത് കളിക്കുമെന്ന വിവരം കെസിഎ പ്രസിഡന്റ് സാജൻ കെ.വർഗീസ് തന്നെയാണ് സ്ഥിരീകരിച്ചത്.

‘തീർച്ചയായും ശ്രീശാന്ത് തന്നെയായിരിക്കും ലീഗിന്റെ പ്രധാന ആകർഷണം. മുഴുവൻ താരങ്ങളും ആലപ്പുഴയിലെ ഒരു ഹോട്ടലിൽ ബയോ ബബിളിലായിരിക്കും. ഡിസംബർ ആദ്യവാരം ആരംഭിക്കാനാണ് ശ്രമം. സംസ്ഥാന സർക്കാരിന്റെ അനുമതിയാണ് പ്രധാനം.’ – സാജൻ പറഞ്ഞു.