മുംബെെ കറാച്ചി ബേക്കറിയുടെ പേര് മാറ്റം ആവശ്യപ്പെട്ടില്ലെന്ന് ശിവസേന

മുംബൈ: കറാച്ചി ബേക്കറിയുടെ പേര് മാറ്റം പാര്‍ട്ടിയുടെ നിലപാടല്ലെന്ന് വ്യക്തമാക്കി ശിവസേന. മുംബെെയിലെ കറാച്ചി ബേക്കറിയുടെ പേരിനെ ചൊല്ലിയുള്ള വിവാദം അനാവശ്യമെന്ന് ശിവസേന വക്താവ് എം.പി സഞ്ജയ് റാവത്ത് പറഞ്ഞു. കറാച്ചി ബേക്കറിയുടെ പേര് മാറ്റാൻ ആവശ്യപ്പെട്ടുള്ള ശിവസേന നേതാവിന്റെ വീഡിയോ വെെറലായതിന് പിന്നാലെയാണ് വിശദീകരണവുമായി സഞ്ജയ് റാവത്ത് രംഗത്തെത്തിയത്.

കറാച്ചി ബേക്കറിയും കറാച്ചി മിഠായികളും ആറ് പതിറ്റാണ്ടുകളായി മുംബെെയിൽ പ്രവർത്തിക്കുന്നുണ്ട്. അതിന് പാകിസ്താനുമായി ബന്ധമില്ല. ഇപ്പോൾ അതിന്റെ പേര് മാറ്റണമെന്ന് പറയുന്നത് അനാവശ്യമാണെന്നും റാവത്ത് ട്വിറ്ററിൽ കുറിച്ചു.

നേരത്തെ ശിവസേന നേതാവായ നിതിൻ നന്ദ​ഗോകർ, മുംബെെ ബാന്ദ്രയിലെ ഒരു കറാച്ചി ബേക്കറിയിൽ കയറി പേര് മാറ്റാൻ ആവശ്യപ്പെട്ടുള്ള വീഡിയോ വെെറലായിരുന്നു. കറാച്ചിക്ക് പകരം മറാത്തിയിലുള്ള പേര് നൽകണമെന്നായിരുന്നു നന്ദ​ഗോകർ ആവശ്യപ്പെട്ടത്. നിങ്ങൾക്ക് എന്ത് പേര് വേണമെങ്കിലും നൽകാം, വീട്ട് പേര് നൽകാം എന്നാൽ കറാച്ചി എന്നുള്ളത് മാറ്റണമെന്നാണ് വീഡിയോയിൽ പറഞ്ഞത്.