മാതാപിതാക്കൾ സൂക്ഷിക്കുക; വീട്ടിലിരുന്ന് കുട്ടികളുടെ പഠനം അപകടകരം; ഓണ്‍ലൈന്‍ പഠനം അണുബാധ ഉണ്ടാക്കുമെന്ന് വിദഗ്ധര്‍

മുംബൈ: കൊറോണ ലോക്ഡൗണ്‍ തുടങ്ങിയതുമുതല്‍ കുട്ടികളുടെ കാര്യം അവതാളത്തിലാണ്. ഓണ്‍ലൈന്‍ ക്ലാസുകള്‍ തകൃതിയായി നടക്കുന്നുണ്ടെങ്കിലും പലര്‍ക്കും ബുദ്ധിമുട്ടാണ്. ഇപ്പോൾ വളരെ ഗൗരവമായ കണ്ടെത്തൽ പുറത്ത് വന്നിരിക്കുന്നു. ഓണ്‍ലൈന്‍ പഠനം അണുബാധ ഉണ്ടാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വര്‍ക്ക് ഫ്രം ഹോം തെരഞ്ഞെടുത്തവര്‍ക്കും ഇത് ബാധകം.

മാസങ്ങളായി പലരും വീട്ടിലിരുന്ന് ജോലി ചെയ്യുകയാണ്. കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലും പങ്കെടുക്കുന്നു. ഇത് കേള്‍വിയെ ബാധിക്കുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ശ്രവണസഹായിയുടെ ശബ്ദം കൂട്ടിവയ്ക്കുന്നതാണ് അണുബാധ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് മുംബൈ ജെജെ ആശുപത്രിയിലെ ഇഎന്‍ടി വിഭാഗം മേധാവി ഡോ ശ്രീനിവാസ് പറഞ്ഞു.

ഹെഡ്സെറ്റ് ഉപയോഗം അവസാനിപ്പിക്കുകയോ, കുറയ്ക്കുകയോ ചെയ്തില്ലെങ്കില്‍ കേള്‍വി പൂര്‍ണമായും നഷ്ടപ്പെടുമെന്നുള്ള ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പാണ് ഡോക്ടര്‍ നല്‍കുന്നത്. ജോലി ചെയ്യുന്നവര്‍ എട്ട് മണിക്കൂറിലധികം ഹെഡ്‌സെറ്റ് ഉപയോഗിക്കുന്നുണ്ട്. ഇത് ചെവിക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.

അണുവിമുക്തമാക്കാതെ ഹെഡ്സെറ്റുകളും മറ്റും ചെവിയില്‍ വയ്ക്കുന്നത് അണുബാധ പടരുന്നതിന് ഇടയാക്കുമെന്നും ഡോക്ടര്‍ പറഞ്ഞു. കോട്ടണ്‍ ബഡ്സ് ഉപയോഗിച്ച് ചെവി വൃത്തിയാക്കിയാല്‍ ചെവിക്ക് വേദന ഉണ്ടാകും. ചെവിക്കുള്ളില്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടൂം. അണുബാധയില്‍ നിന്നും ബാക്ടീരിയയില്‍ നിന്നും ചെവിയെ സംരക്ഷിക്കുന്നത് ചെവിക്കായം ആണെന്നും ഡോക്ടര്‍ പറയുന്നു.

ഹെഡ്സെറ്റ് ഉപയോഗിക്കുന്നവര്‍ ഇടവേളകളില്‍ അത് ഊരിമാറ്റുകയും ചെവിയില്‍ വായു സഞ്ചരത്തിന് ഇടനല്‍കുകയും വേണമെന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.