ബൈഡൻ ഒരു വർഷത്തിലധികം തുടരില്ല; കമല ഹാരിസാവും ഭരണം നിയന്ത്രിക്കുക വിവാദ ട്വീറ്റുമായി കങ്കണ റണാവത്

ഷിംല: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വിവാദ ട്വീറ്റുമായി നടി കങ്കണ റണാവത്. ബൈഡൻ ഒരു വർഷത്തിലധികം തുടരില്ലെന്നും കമല ഹാരിസാവും പിന്നീട് ഭരണം നിയന്ത്രിക്കുകയെന്നും കങ്കണ ട്വീറ്റ് ചെയ്തു.

‘ഓരോ അഞ്ചു മിനിട്ടിലും ഡേറ്റ ക്രാഷാവുന്ന ഗജ്നി ബൈഡന്റെ കാര്യത്തിൽ ഒരു ഉറപ്പുമില്ല, എല്ലാ മരുന്നുകളും അവർ അദ്ദേഹത്തിന് കുത്തിവെക്കുന്നു. എന്നാൽ അദ്ദേഹം ഒരു വർഷത്തിലധികം തുടരില്ല. കമല ഹാരിസാവും പിന്നീട് കാര്യങ്ങൾ നിയന്ത്രിക്കുക എന്നകാര്യം വ്യക്തമാണ്. ഒരു സ്ത്രീ ഉയർന്നു വരുമ്പോൾ, എല്ലാ സ്ത്രീകൾക്കും അവർ വഴികാട്ടുന്നു. ചരിത്രപരമായ ദിവസത്തിന് ചിയേഴ്സ്’ എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

കങ്കണയെ അനുകൂലിച്ചും എതിർത്തും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.തിരഞ്ഞെടുപ്പിൽ വിജയിച്ചശേഷം കമല ഹാരിസ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ഷെയർ ചെയ്തുകൊണ്ടാണ് കങ്കണ അമേരിക്കയുടെ ഭാവിയെപ്പറ്റിയുള്ള സ്വന്തം നിലയിലുള്ള പ്രവചനങ്ങൾ നടത്തിയത്.