അമേരിക്കൻ വൈസ് പ്രസിഡൻ്റാകാൻ കഴിയുമെന്ന് ഒരിക്കലും കരുതിയില്ല: കമലാ ഹാരിസ്

വാഷിംഗ്ടൺ: അമേരിക്കൻ വൈസ് പ്രസിഡൻ്റാകാൻ തനിക്ക് കഴിയുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് അമേരിക്കയിലെ ആദ്യ നിയുക്ത വനിതാ വൈസ് പ്രസിഡൻറ് കമലാ ഹാരിസ്. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തിയ പ്രസംഗത്തിലാണ് ഇന്ത്യൻ വംശജയായ കമലാ ഹാരിസ് മനസ് തുറന്നത്.

പത്തൊമ്പതാമത്തെ വയസിൽ അമ്മ അമേരിക്കയിലെത്തുമ്പോൾ വനിതകൾ അധികാരത്തിൽ വരുന്ന ഒരു കാലമുണ്ടാകുമെന്ന് അവർ വിചാരിച്ചിരുന്നു. അതിപ്പോൾ യാഥാർഥ്യമായിരിക്കയാണ്. സമത്വത്തിനും സാഹോദര്യത്തിനും നീതിക്കും വേണ്ടി പോരാടിയ കറുത്ത വർഗ്ഗക്കാരെയും ലാറ്റിൻ അമേരിക്കക്കാരെയും ലോകമെമ്പാടുമുള്ള മുഴുവൻ വനിതകൾക്കും കമലാ ഹാരിസ് നന്ദി പറഞ്ഞു.

നൂറ്റാണ്ടുകളായുള്ള വനിതകളുടെ കഷ്ടപ്പാടിൻ്റെയും പ്രയ്‌ത്നത്തിൻ്റെയും ഫലമാണ് തനിക്ക് വഴി തുറന്നതെന്ന് കമല പറഞ്ഞു. ഇതിന് അവരുടെ പ്രയതനങ്ങളെ വില കൽപ്പിക്കുന്നു. തന്നെ വൈസ് പ്രസിഡൻ്റ് സ്ഥാനാർഥിയാക്കിയ ജോ ബൈഡനും കമല നന്ദി പറഞ്ഞു.

അമേരിക്കയുടെ ഐക്യത്തിന് നിലകൊള്ളും: ജോ ബൈഡൻ

അതേസമയം രാജ്യത്തെ ഭിന്നിപ്പിക്കാതെ ഐക്യത്തിലേക്ക് നയിക്കുന്ന പ്രസിഡന്റ് ആയിരിക്കും താനെന്ന് നിയുക്ത പ്രസിഡന്റ് യുഎസ് ജോ ബൈഡൻ. ‘ഭിന്നിപ്പിക്കുന്നതല്ല, ഒന്നിപ്പിക്കുന്ന പ്രസിഡന്റായിരിക്കും ഞാൻ, നീലയും ചുവപ്പുമായി സ്റ്റേറ്റുകളെ കാണാതെ യുണൈറ്റഡ് സ്റ്റേറ്റ്സ് ആയി കാണുന്നയാൾ. രാജ്യത്തിന്റെ വിശ്വാസം കാത്തുസൂക്ഷിക്കാൻ ആത്മാർഥമായി പ്രവർത്തിക്കുമെന്നും’ ജോ ബൈഡൻ പറഞ്ഞു.

ഈ വലിയ രാജ്യത്തെ നയിക്കാൻ എന്നെ തിരഞ്ഞെടുത്തതിൽ നന്ദിപറയുന്നു. വലിയ വിജയമാണ് നിങ്ങൾ സമ്മാനിച്ചത്. 74 മില്യൺ വോട്ടിന്റെ വളരെ വ്യക്തമായ വിജയമാണത്.

ട്രംപിന് വോട്ട് ചെയ്തവർക്കുള്ള നിരാശ എനിക്ക് മനസ്സിലാക്കാനാവും. ഞാനും രണ്ട് തവണ പരാജയപ്പെട്ടിരുന്നു. ഇത്തവണ നമുക്ക് പരസ്പരം അവസരം നൽകാം.

രാജ്യത്ത് നീതിയും മര്യാദയും നടപ്പാക്കാനായാണ് രാജ്യം ഞങ്ങളെ തിരഞ്ഞെടുത്തതെന്ന് വിശ്വസിക്കുന്നു. ഇത് നടപ്പിലാക്കാൻ ഡെമോക്രോറ്റുകളേയും റിപ്പബ്ലിക്കന്മാരേയും തുടങ്ങി എല്ലാവരേയും ക്ഷണിക്കുന്നു.

അമേരിക്ക ലോകത്തിന് തന്നെ മാതൃകയാവും. ശക്തിയുടെ മാതൃകയായല്ല, നമ്മുടെ മാതൃക എത്രത്തോളം ശക്തമാണെന്നാണ് നാം കാണിക്കേണ്ടത്. നമുക്കൊന്നായി നിന്നുകൊണ്ട് ഏറ്റവും മികച്ചതാവാൻ പ്രയത്നിക്കാം.

റിപ്പബ്ലിക്കൻ പ്രവർത്തകർ, ഡെമോക്രാറ്റുകൾ, സ്വതന്ത്രർ, കൺസർവേറ്റീവുകൾ, യുവാക്കൾ, ഗ്രാമീണർ, സ്വവർഗാനുരാഗികൾ, ഭിന്നലിംഗക്കാർ, വെള്ളക്കാർ, ലാറ്റിനോകൾ, ഏഷ്യൻ, അമേരിക്കനുകൾ എന്നുതുടങ്ങി ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും വൈവിധ്യമായ സഖ്യത്തെയാണ് ഞങ്ങൾ ചേർത്തുനിർത്തിയത്. അതിൽ തനിക്ക് അഭിമാനമുണ്ട്. ഇത് തന്നെയാണ് യഥാർഥത്തിൽ ഞങ്ങൾ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.