പ്രതിരോധ ഉപകരണങ്ങളുടെ പേരിൽ ചൈനയുടെ തട്ടിപ്പ്; ലോകമെമ്പാടും രാജ്യങ്ങളെ കബളിപ്പിച്ചു; നിലവാരമില്ലാത്തവ നൽകിയത് ഇരട്ടി വിലയ്ക്ക്

ന്യൂഡെൽഹി: ചൈനയിൽനിന്ന് പ്രതിരോധ ഉപകരണങ്ങൾ വാങ്ങിയ രാജ്യങ്ങൾ ശരിക്കും പ്രതിരോധത്തിൽ ആയി. പാകിസ്താനും ബംഗ്ലാദേശും മ്യാന്മറും അടക്കമുള്ള രാജ്യങ്ങൾക്കാണ് തിരിച്ചടി നേരിട്ടത്.

ഇരട്ടി വില നൽകി ചൈനയിൽനിന്ന് പ്രതിരോധ ഉപകരണങ്ങൾ വാങ്ങിയ അന്തർവാഹനികളും ഇടത്തരം യുദ്ധക്കപ്പലുകളും അടക്കമുള്ളവയെല്ലാം വളരെവേഗം കേടുവന്നതിനാൽ അവയൊന്നും ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ഡിഎൻഎ റിപ്പോർട്ടുചെയ്തു.

രണ്ട് അന്തർവാഹനികളാണ് 2017-ൽ നൂറു കോടി അമേരിക്കൻ ഡോളർ വീതം ചിലവഴിച്ച് ബംഗ്ലാദേശ് ചൈനയിൽനിന്ന് വാങ്ങിയത്. 1970-കളിലെ മിംഗ് ക്ലാസ് ടൈപ്പ് 035ജി അന്തർവാഹനികളായിരുന്നു അവ. അത് നൊബോജാത്ര, ബിഎൻഎസ് ജോയ്ജാത്ര എന്നിങ്ങനെ അവയ്ക്ക് പേരുനൽകി. എന്നാൽ വളരെ വേഗം തകരാറായതിനാൽ ഇവ രണ്ടും ഇപ്പോൾ ഉപയോഗിക്കാൻ കഴിയുന്നില്ല.

2020-ൽ ബംഗ്ലാദേശ് രണ്ട് ഇടത്തരം യുദ്ധക്കപ്പലുകളാണ് ചൈനയിൽനിന്ന് വാങ്ങിയത്. ബിഎഎസ് ഉമർ ഫാറൂഖ്, ബിഎൻഎസ് അബു ഉബൈദ എന്നിങ്ങെ അവയ്ക്ക് പേരുനൽകി. രണ്ടിന്റെയും നാവിഗേഷൻ റഡാറും ഗൺ സിസ്റ്റവും അടക്കമുള്ളവ ഇപ്പോൾ പ്രവർത്തിക്കുന്നില്ല.

ചൈനയിൽനിന്ന് വാങ്ങിയ ഉപകരണങ്ങളെല്ലാം വളരെവേഗം കേടു വന്നുവെന്ന് മ്യാന്മറിലെ സായുധസേന ചൈനയെ അറിയിച്ചുകഴിഞ്ഞു. ഒറ്റ ദിവസം ഉപയോഗിച്ചപ്പോൾ തന്നെ ഉപകരണങ്ങൾ പലതും കേടു വന്നുവെന്നാണ് മ്യാന്മർ പറയുന്നത്.

നേപ്പാളാകട്ടെ ആറ് വിമാനങ്ങളാണ് ചൈനയിൽനിന്ന് വാങ്ങിയത്. വൈ12 ഇ, എം.എ.60 എന്നീ ചൈനീസ് വിമാനങ്ങൾ ആയിരുന്നു അവ. ആറെണ്ണവും ഇപ്പോൾ ഉപയോഗിക്കാൻ കഴിയാതെ വെറുതെ ഇട്ടിരിക്കുകയാണ്. ബംഗ്ലാദേശ് ആദ്യം വാങ്ങാൻ തീരുമാനിക്കുകയും പിന്നീട് ഒഴിവാക്കുകയും ചെയ്ത ചൈനീസ് വിമാനങ്ങൾ ആയിരുന്നു ഇവ.

കെനിയയുടെ കാര്യവും വ്യത്യസ്തമല്ല. 2016-ൽ ചൈനയിലെ സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയിൽനിന്ന് വിഎൻ4 ആംഡ് പേഴ്സണൽ ക്യാരിയറുകളാണ് അവർ വാങ്ങിയത്. പരീക്ഷണാർഥം ഉപയോഗിച്ച് നോക്കിയപ്പോൾപോലും കവചിത വാഹനത്തിനുള്ളിൽ ഇറിക്കാൻ കമ്പനി പ്രതിനിധികൾ തയ്യാറായില്ല എന്നാണ് പുറത്തുവരുന്ന വിവരം. സംഘർഷ മേഘലകളിൽ ഇത് ഉപയോഗിച്ചതോടെ ഏതാനും കെനിയൻ സുരക്ഷാ സൈനികർ കൊല്ലപ്പെട്ടു.

ചൈനയിൽനിന്ന് വാങ്ങിയ ഡ്രോണുകൾ ഉപയോഗിക്കുന്നതിനിടെ അൾജീരിയയിൽ നിരവധി അപകടങ്ങളുണ്ടായി. ചൈനയിൽനിന്ന് ഡ്രോണുകൾ വാങ്ങിയ ജോർദാൻ അവ വിൽപ്പനയ്ക്ക് വച്ചിരിക്കുകയാണ്. പാകിസ്താന്റെ കര -നാവിക സേനകൾ അടുത്ത സുഹൃത്തായ ചൈനയിൽനിന്ന് നിരവധി പ്രതിരോധ ഉപകരണങ്ങളാണ് വാങ്ങിയിട്ടുള്ളത്. അവയിൽ പലതും ഇപ്പോൾ തകരാറിലായ നിലയിലാണ്. എഫ്22പി ഇടത്തരം യുദ്ധക്കപ്പലുകൾ പാക് നാവികസേന അടുത്തിടെ ചൈനയിൽനിന്ന് വാങ്ങിയിരുന്നു.

നിരവധി തകരാറുകളാണ് ഇപ്പോൾ അതിനുള്ളതെന്നാണ് പുറത്തുവരുന്ന വിവരം. പാക് കരസേന ചൈനയിൽനിന്ന് ഒൻപത് മൊബൈൽ മിസൈൽ സംവിധാനങ്ങൾ വാങ്ങിയിരുന്നു. അവയിൽ മൂന്നെണ്ണം ഇപ്പോൾ ഉപയോഗിക്കാൻ കഴിയാത്ത നിലയിലാണ്.