തൊടുപുഴ: ഇടുക്കിയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച കോൺഗ്രസ് നേതാവ് എ.പി. ഉസ്മാനുമായി സമ്പര്‍ക്കം പുലര്‍ത്തിയ 24 പേരുടെ പരിശോധനാഫലം നെഗറ്റീവ്. ഇന്നാണ് ഫലം ലഭിച്ചത്. ഇതുവരെയുള്ള പരിശോധനാഫലങ്ങളില്‍, ഇദ്ദേഹത്തിന്റെ സുഹൃത്തിന്റെ ഫലം മാത്രമാണ് പോസിറ്റീവ്. ഞായറാഴ്ചയാണ് സുഹൃത്തിന്റെ പരിശോധനാഫലം ലഭിച്ചത്. പത്തുമാസം പ്രായമായ കുഞ്ഞിന്റേത് ഉള്‍പ്പെടെയുള്ള പരിശോധനാഫലമാണ് നെഗറ്റീവായത്.
ആദ്യ പരിശോധനാ ഫലം പൊസിറ്റീവായതിനെത്തുടര്ന്ന് കഴിഞ്ഞ 26-നാണ് ഇദ്ദേഹത്തെ തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റിയത്. അതേസമയം, ഉസ്മാന്റെ രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവാണ്. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നു 22-നു സാമ്പിള്‍ എടുത്തു പരിശോധനയ്ക്ക് അയച്ചിരുന്നു. 26-നു ഫലം വന്നപ്പോഴാണ് ഇദ്ദേഹത്തിനു രോഗബാധ സ്ഥിരീകരിച്ചത്. ചികിത്സയില്‍ തുടരുന്നതിനിടെ 28-നു വീണ്ടും സാമ്പിള്‍ ശേഖരിച്ച് പരിശോധന നടത്തിയപ്പോഴാണ് ഫലം നെഗറ്റീവാണെന്ന് വ്യക്തമായത്. അടുത്ത ദിവസം വീണ്ടും സാമ്പിള്‍ എടുക്കും. ഈ ഫലവും നെഗറ്റീവായാല്‍ ഇദ്ദേഹത്തെ രോഗവിമുക്തനായി പ്രഖ്യാപിക്കും. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ പരിശോധനാ ഫലവും നെഗറ്റീവാണ്.