ബെംഗളൂരു: ഡെൽഹിക്ക് പിന്നാലെ പടക്കം നിരോധിച്ച് കര്‍ണാടക സര്‍ക്കാര്‍. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ദീപാവലിക്ക് തൊട്ടുമുമ്പ് പടക്കം നിരോധിച്ചത്. വായുമലിനീകരണം കൊറോണ രോഗികളില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് വിദഗ്ധരുടെ അഭിപ്രായത്തെ തുടര്‍ന്നാണ് സംസ്ഥാനങ്ങള്‍ പടക്കം നിരോധിച്ചത്. കൊറോണ കേസുകളുടെ പശ്ചാത്തലത്തിലാണ് പടക്കം നിരോധിക്കുന്നതെന്ന് മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ് അറിയിച്ചു.
ഡെൽഹി, ബംഗാള്‍, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളാണ് പടക്ക നിരോധനവുമായി ആദ്യം മുന്നോട്ടുവന്നത്. ചര്‍ച്ച ചെയ്തതിന് ശേഷമാണ് തീരുമാനമെടുത്തതെന്ന് യെദിയൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡെൽഹിയില്‍ പടക്കം നിരോധിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിലാണ് ഡെൽഹിയില്‍ സര്‍ക്കാരിന്റെ നടപടി. അന്തരീക്ഷ മലിനീകരണം വര്‍ധിക്കുന്നത് രോഗബാധ വര്‍ധിക്കാനും കൊറോണ രോഗികള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാകാനും കാരണമാകും. നേരത്തെ ബംഗാള്‍ സര്‍ക്കാരും പടക്കം നിരോധിച്ചിരുന്നു. സിക്കിം, രാജസ്ഥാന്‍, ഒഡിഷ സര്‍ക്കാറുകളും പടക്കം നിരോധിച്ചു.