ശ്രീഹരിക്കോട്ട: പിഎസ്എൽവി-സി49 വിക്ഷേപണം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ നാളെ വൈകീട്ട് 3.02 ന് നടക്കും. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് – 1നെയും ഒൻപത് വിദേശ ഉപഗ്രഹങ്ങളെയും ഭ്രമണപഥത്തിൽ എത്തിക്കുകയാണ് ലക്ഷ്യം. ഇന്ന് ഉച്ചയ്ക്ക് 1.02 ന് കൗണ്ട്ഡൗൺ തുടങ്ങിയതായി ഐഎസ്ആർഒ ട്വീറ്റ് ചെയ്തു.
ന്യൂ സ്പെയ്സ് ഇന്ത്യ ലിമിറ്റഡ്, ബഹിരാകാശ വകുപ്പ് എന്നിവയുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഒൻപത് വിദേശ ഉപഗ്രഹങ്ങൾ ഐഎസ്ആർഒ ഭ്രമണപഥത്തിൽ എത്തിക്കുന്നത്. കൃഷി, വനസംരക്ഷണം, ദുരന്തനിവാരണം എന്നീ മേഖലകളിൽ ഉപയോഗപ്പെടുത്താൻ കഴിയുന്നതാണ് ശനിയാഴ്ച വിക്ഷേപിക്കുന്ന ഭൗമ നിരീക്ഷണ ഉപഗ്രഹം. റിസാറ്റ് -2ബിആർ2 എന്നപേരിലും ഇത് അറിയപ്പെടും.
ശ്രീഹരിക്കോട്ടയിൽനിന്നുള്ള 76-ാമത്തെ വിക്ഷേപണവും പിഎസ്എൽവിയുടെ 51-ാം വിക്ഷേപണവുമാണ് നാളെ നടക്കുന്നത്. എന്നാൽ കൊറോണ സാഹചര്യം കണക്കിലെടുത്ത് സന്ദർശക ഗാലറി അന്ന് അടച്ചിടുമെന്ന് ഐഎസ്ആർഒ ഔദ്യോഗിക വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
2020 ൽ പത്ത് ബഹിരാകാശ ദൗത്യങ്ങളാണ് നിശ്ചയിച്ചിരുന്നതെന്ന് ഐഎസ്ആർഒ ചെയർമാൻ കെ. ശിവൻ കഴിഞ്ഞ ജൂണിൽ ചോദ്യത്തിന് മറുപടിയായി അറിയിച്ചിരുന്നു. എന്നാൽ, കൊറോണ മഹാമാരി അവയെല്ലാം തടസപ്പെടുത്തി. കൊറോണ സ്ഥിതിഗതികൾക്ക് മാറ്റംവന്ന ശേഷമെ ദൗത്യങ്ങൾ പുനരാരംഭിക്കുന്ന കാര്യം ആലോചിക്കൂവെന്നും ഐഎസ്ആർഒ ചെയർമാൻ ജൂണിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.