ചങ്ങനാശേരി: ലോക്ഡൗൺ ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികൾ സംഘടിച്ച് പായിപ്പാട്ട് റോഡിൽ ഇറങ്ങിയ സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗാൾ സ്വദേശിയായ മുഹമ്മദ് റിഞ്ചുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇതര സംസ്ഥാന തൊഴിലാളികളെ വിളിച്ചു കൂട്ടം ചേരാൻ ആഹ്വാനം ചെയ്തതിനാണ് മുഹമ്മദ് റിഞ്ചുവിനെ ഇന്നലെ വൈകുന്നേരം കസ്റ്റഡിയിലെടുത്തിരുന്നു. ഇയാൾ ഫോണിലൂടെ ആവശ്യപ്പെട്ടതനുസരിച്ച് തൊഴിലാളികൾ ഒത്തുകൂടിയെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇക്കാര്യത്തിൽ വിശദമായ
അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തെളിവു ശേഖരണത്തിനായി സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ടെന്നറിയുന്നു.
അര മണിക്കൂറിനകം ആയിരങ്ങൾ ഇന്നലെ പായിപ്പാട്ട് റോഡിൽ ഒത്തുചേർന്നപ്പോൾ പ്രദേശവാസികളും പോലീസും അക്ഷരാർഥത്തിൽ ഞെട്ടിയിരുന്നു. എന്തായാലും കാര്യങ്ങൾ പെട്ടെന്ന് നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞത് വലിയൊരു ആശ്വാസമായി. ഗൂഢാലോചനയിൽ കൂടുതൽ പേർ പങ്കാളികളായിട്ടുണ്ടെന്നാണ് സൂചന. ഇക്കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്.
കോട്ടയം ജില്ലയിൽ ഏറ്റവും അധികം ഇതര സംസ്ഥാനക്കാരുള്ളത് പായിപ്പാട്ടാണ്.
250 ലധികം ക്യാമ്പുകളിലായി നാലായിരത്തോളം ഇതര സംസ്ഥാന തൊഴിലാളികളാണ് ഇവിടെയുള്ളത്.സംഭവത്തിന് ഒരു ദിവസം മുമ്പും അധികൃതർ ഇവരുടെ കാര്യങ്ങൾ അന്വേഷിക്കുകയും ഭക്ഷണവും താമസ സൗകര്യവും ഉറപ്പാക്കുകയും ചെയ്തിരുന്നു. എന്നിട്ടും ലോക് ഡൗൺ ലംഘിച്ച് തൊഴിലാളികൾ തെരുവിലിറങ്ങിയതിന്റെ പിന്നിലെന്തെന്നതാണ് എല്ലാവരെയും കുഴയ്ക്കുന്നത്.