കൈക്കൂലി കേസിൽ അറസ്റ്റിലായത് പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ അലംഭാവം കാട്ടിയ ഉദ്യോഗസ്ഥൻ

മാവേലിക്കര: രണ്ടായിരം കോടിയുടെ പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ പോലീസ് കൃത്യമായി എഫ്ഐആർ ഇടപെടുന്നില്ലെന്ന ആരോപണം നിലനിൽക്കേയാണ് അന്വേഷണ ഉദ്യോഗസ്ഥരിൽ ഒരാൾ കൈക്കൂലി കേസിൽ അറസ്റ്റിലാകുന്നത്. പോപ്പുലർ ഫിനാൻസിൻ്റെ മാന്നാർ സ്റ്റേഷൻ പരിധിയിലുള്ള കേസുകൾ അന്വേഷിക്കുന്ന ഗ്രേഡ് എസ്ഐ കെ പി ഷാജി മോനാണ് വിജിലൻസിൻ്റെ പിടിയിലായത്. പോപ്പുലർ ഫിനാൻസ് തട്ടിപ്പ് എഫ് ഐ ആർ ഇടാതെ അനിശ്ചിതത്വത്തിലാക്കുകയാണെന്ന് നേരത്തേ ആക്ഷേപം ഉയർന്നിരുന്നു.

പോപ്പുലർ ഫിനാൻസ് അലംഭാവം ചർച്ചാ വിഷയമായതിനിടെയാണ് മോഷണ കേസ് ഒതുക്കാൻ മൂവായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കെ പി ഷാജിമോൻ പിടിയിലായത്. മണ്ണഞ്ചേരി പെരുന്തുരുത്ത് മുറി സ്വദേശിയാണ് കെ.പി ഷാജിമോൻ. പായിപ്പാട് സ്വദേശിയായ യുവാവിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
സംഭവം ഇങ്ങനെ:

പായിപ്പാട് സ്വദേശിയുടെ ഗുഡ്സ് ഓട്ടോറിക്ഷ വഴിയോര കച്ചവടത്തിനായി വാടകക്ക് നൽകി. മൂന്ന് യുവാക്കൾ ചേർന്നാണ് ഓട്ടോറിക്ഷ വാടകക്ക് എടുത്തത്. പിന്നീട് ഇവർ ഓട്ടോറിക്ഷ മോഷണത്തിന് ഉപയോഗിക്കുകയായിരുന്നു. പച്ചക്കറി കട കുത്തിപ്പൊളിച്ച് മോഷണം നടത്തുന്നതിനിടെ യുവാക്കളെ പോലീസ് പിടികൂടുകയായിരുന്നു.

ഓട്ടോറിക്ഷയുടെ ആർ സി ഓണറുടെ കയ്യിൽ നിന്നും കെ.പി ഷാജിമോൻ ആദ്യം 1500 രൂപ വാങ്ങി. പിന്നീട് പരാതിക്കാരനായ യുവാവിൽ നിന്നും 1500 രൂപയും. ആർ സി ബുക്കിൽ പേര് മാറ്റിയിരുന്നില്ല. ഓട്ടൊറിക്ഷ തൊണ്ടിമുതലായി കോടതിയിൽ എത്താതിരിക്കാൻ 5000 രൂപ കൂടി ആവശ്യപ്പെടുകയായിരുന്നു. ഇക്കാര്യം പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചു. വിജിലൻസ് നിർദേശ പ്രകാരം ഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്തു. പിന്നീട് 3000 രൂപ കൈക്കൂലി നൽകി. അത് മൊബൈലിൽ പകർത്തുകയായിരുന്നു.

കിഴക്കൻ മേഖല വിജിലൻസ് എസ് പി ടി ജി വിനോദ്കുമാറിൻ്റെ നിർദ്ദേശനുസരണം ആലപ്പുഴ വിജിലൻസ് ഡിവൈഎസ്പി ഹരി വിദ്യാധരൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഷാജി മോനെ പിടികൂടിയത്.