കാബൂൾ സർവകലാശാലയിൽ ഭീകരാക്രമണം; വെടിവെയ്പിൽ 19 പേർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂൾ സർവകലാശാലയിൽ ആയുധധാരികളായ ഭീകരർ നടത്തിയ ചാവേർ ആക്രമണത്തിലും വെടിവെയ്പിലും 19 പേർ കൊല്ലപ്പെട്ടു. 22 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. കാമ്പസിൽ സംഘടിപ്പിച്ച ഇറാനിയൻ പുസ്തകമേളയുടെ ഉദ്ഘാടനത്തിന് സർക്കാർ ഉദ്യോഗസ്ഥർ എത്തുമ്പോഴായിരുന്നു ആക്രമണം. അഫ്ഗാനിസ്താൻ ഉന്നത വിദ്യാഭ്യാസ വക്താവ് ഹാമിദ് ഉബൈദിയെ ഉദ്ധരിച്ച് എഎഫ്പി ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നു.

മൂന്നു ഭീകരരാണ് ആക്രമണം നടത്തിയത്. ഇവരിൽ ഒരാൾ ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ മറ്റു രണ്ടുപേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. അതേസമയം സംഭവത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. കൊല്ലപ്പെട്ടവരിൽ അധികവും വിദ്യാർത്ഥികളാണ്.

സുരക്ഷാ സേനയുമായി മണിക്കൂറുകൾ നീണ്ടുനിന്ന ഏറ്റുമുട്ടലുണ്ടായെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണം നടക്കുമ്പോൾ നൂറുകണക്കിന് പേരാണ് സ്ഥലത്തുണ്ടായിരുന്നത്. അതിനാൽ തന്നെ മരണസംഖ്യ ഉയരാനാണ് സാധ്യത. വെടിവെപ്പിനും സ്ഫോടനത്തിനും പിന്നാലെ വിദ്യാർത്ഥികളെ ക്യാമ്പസിന്റെ മതിലിന് മുകളിലൂടെ പുറത്തെത്തിക്കുകയായിരുന്നു.