തിരുവനന്തപുരം: സർക്കാർ മുങ്ങി താഴാൻ പോകുമ്പോൾ ഒരു അഭിസാരികയെ കൊണ്ട് വന്ന് രക്ഷപെടാമെന്ന് മുഖ്യമന്ത്രി കരുതണ്ടെന്ന് കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സോളാര്‍ കേസ് മുൻനിര്‍ത്തി യുഡിഎഫിനെതിരെ സര്‍ക്കാര്‍ നീക്കം ശക്തമാക്കുന്നു എന്ന് ആരോപിച്ചായിരുന്നു വീണ്ടും മുല്ലപ്പള്ളിയുടെ പരാമര്‍ശം. മുല്ലപ്പള്ളിയുടെ സ്ത്രീവിരുദ്ധ പരാമർശം വിവാദമായി.
ഓരോ ദിവസവും ഉറങ്ങി എഴുന്നേൽക്കുമ്പോൾ എന്നെ ഇതാ ബലാത്സംഘം ചെയ്യുന്നുവെന്ന് പറയുന്ന ഒരു സ്ത്രീയെ അണിയിച്ച് ഒരുക്കി തിരശിലയ്ക്ക് പിന്നിൽ നിർത്തിയിരിക്കുകായാണ്. എപ്പോഴാണ് രംഗത്തുവരേണ്ടതെന്ന് അവർ ചോദിക്കുന്നു. മുഖ്യമന്ത്രി ഈ കളി ഇവിടെ നടക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ഈ ബ്ലാക്ക്മെയിൽ രാഷ്ട്രീയം നടക്കില്ല. ഇതെല്ലാം കേരളത്തിലെ ജനങ്ങൾക്ക് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു
ഒരു തവണ ബലാത്സംഘം ചെയ്യപ്പെട്ട സ്ത്രീ ഒന്നുകിൽ മരിക്കും. അല്ലെങ്കിൽ പിന്നീട് അത് ഉണ്ടാകാതെ നോക്കും. എല്ലാ ദിവസവും സംസ്ഥാനം മുഴുവൻ എന്നെ ബലാത്സംഘം ചെയ്തു എന്ന് പറഞ്ഞു നടക്കുന്ന ഒരു സ്ത്രീയെ കൊണ്ട് വന്ന് യുഡിഎഫിനെതിരെ ആരോപണം ഉന്നയിക്കാനുള്ള വ്യാമോഹം ജനം തിരിച്ചറിയുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
പരാമർശം വിവാദമായതോടെ മുല്ലപ്പള്ളി മാപ്പ് പറഞ്ഞു. നേരത്തെ ആരോഗ്യമന്ത്രി കെ കെ ഷൈലജയ്ക്കെതിരെ മുല്ലപ്പള്ളി നടത്തിയ പരാമർശവും വിവാദമായിരുന്നു.