പാരിസ്: ഫ്രാന്‍സില്‍ നടന്ന ഭീകരാക്രമണത്തെ പ്രോത്സാഹിപ്പിച്ച് മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് ട്വീറ്ററിൽ 13 വിദ്വേഷ ട്വീറ്റുകളിട്ടത് നീക്കം ചെയ്ത് ട്വീറ്റർ. ഫ്രാന്‍സിലെ നൈസ് നഗരത്തിലെ ദേവാലയത്തില്‍ നടന്ന ഭീകരാക്രമണത്തെയാണ് മഹാതിര്‍ പ്രോത്സാഹിപ്പിച്ചത്.
ആദ്യഘട്ടത്തില്‍ തങ്ങളുടെ പോളിസികള്‍ ട്വീറ്റ് റദ്ദ് ചെയ്യുന്നു എന്ന മുന്നറിയിപ്പ് മാത്രമായിരുന്നു ട്വിറ്റര്‍ നല്‍കിയത്. എന്നാല്‍ വിമര്‍ശനങ്ങള്‍ കടുത്തതോടെ ട്വിറ്റര്‍ മഹാതിര്‍ മുഹമ്മദിന്റെ ട്വീറ്റ് നീക്കം ചെയ്തു.ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നിലപാടിനെതിരെ തുടര്‍ച്ചയായി 13 ഓളം ട്വീറ്റുകളാണ് മഹാതിര്‍ മുഹമ്മദ് പങ്കുവച്ചത്. മാക്രോണ്‍ അക്രമണ സംഭവങ്ങള്‍ക്ക് മുസ്ലിങ്ങളെ പഴിക്കുന്നത് പ്രാകൃതമായ നിലപാടാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഫ്രാന്‍സിന്റെ ഡിജിറ്റല്‍ മേഖല സെക്രട്ടറി സെഡ്രിക്കോയും മഹാതിറിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.
നൈസ് നഗരത്തിലെ ദേവാലയത്തില്‍ കത്തിയുമായി എത്തിയ അക്രമി മൂന്നു പേരെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ടുണീഷ്യയില്‍ നിന്നും ഫ്രാന്‍സിലെത്തിയ 21 കാരനായ ഭീകരവാദിയാണ് ഈ ദാരുണ കൃത്യം നടത്തിയത്.
പ്രവാചകനുമായി ബന്ധപ്പെട്ട കാര്‍ട്ടൂണ്‍ ക്ലാസ് റൂമില്‍ കാണിച്ചതിന് ചരിത്രാധ്യാപകന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്ത് അടുത്ത ഭീകരാക്രമണം ഉണ്ടായത്.