‘കേരളത്തിലെ ഏഴ് ജില്ലകളിലെ കളക്ടർമാരും ഒരു സമുദായത്തിൽപ്പെട്ടവർ’: പിസി ജോർജ്ജ്

കോട്ടയം: സംസ്ഥാനത്തെ ഉന്നത അധികാര തസ്തികകൾ മുസ്‌ലിം സമുദായം തട്ടിയെടുത്തെന്ന് പി.സി ജോർജ് എംഎൽഎ. 14 ജിലകളിൽ ഏഴ് ജില്ലകളിലും ഒരു സമുദായത്തിലെ കളക്ടർമാരാണെന്ന് പിസി ജോർജ്ജ് ആരോപിച്ചു.

സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് ഈരാറ്റുപേട്ടയിലെ അരുവിത്തുറയിൽ പിഎസ്‌സിയിലെ നിയമനപ്രശ്‌നത്തിലും ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിലും പ്രതിഷേധിച്ച്‌ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ജോർജിന്റെ വിവാദ പരാമർശം.

ഐഎഎസ്, ഐഇഎസ്, ഐഎഫ്എസ് കോഴ്‌സുകൾ എടുത്തുനോക്കണം. അഖിലേന്ത്യാ സർവീസുകൾ എടുത്തു പരിശോധിക്കുമ്പോൾ ചിലർ വളരെ താഴെയാണെന്നും പിസി ജോർജ് പറഞ്ഞു.

അഖിലേന്ത്യാ സർവീസുകളിൽ മുസ്‌ലിംകൾ ധാരാളമായി എത്തുന്നുവെന്നും അത് ഗൂഢാലോചനയാണെന്നുമാണ് ‘യുപിഎസ് സി ജിഹാദ്’ എന്ന പരിപാടി വഴി സുദർശൻ ടിവി ആരോപിച്ചത്. ഇതിന് സമാനമായാണ് പി സി ജോർജ് എംഎൽഎ പരാമർശം നടത്തിയത്.

മഹാത്മാഗാന്ധി സർവകലാശാലയിൽ വൈസ് ചാൻസ്‌ലറായ ഡോ.സിറിയക് തോമസിന്റെ നിയമപ്രശ്‌നം വന്നപ്പോൾ ഡോ.ബി ഇക്ബാലിന്റെ പേരാണ് ഇടത് പാർട്ടികൾ ഉന്നയിച്ചതെന്നും ഒടുവിൽ താൻ വാശിപിടിച്ചാണ് ഡോ. സിറിയക് തോമസിനെ വൈസ് ചാൻസ്‌ലറാക്കിയതെന്നും പിസി ജോർജ് അവകാശപ്പെട്ടു.