ഐഎസ്ആര്‍ഒ ഈ വര്‍ഷത്തെ ആദ്യ ഉപഗ്രഹവിക്ഷേപണം നവംബര്‍ ഏഴിന് ശ്രീഹരിക്കോട്ടയില്‍

ന്യൂഡെൽഹി: ഈ വര്‍ഷത്തെ ആദ്യത്തെ ഉപഗ്രഹവിക്ഷേപണം നവംബര്‍ ഏഴിന് ശ്രീഹരിക്കോട്ടയില്‍ നിന്നും നടത്തും. റിസാറ്റ് പരമ്പരയില്‍പ്പെട്ട ഉപഗ്രഹമാണ് ഐഎസ്ആര്‍ഒ വിക്ഷേപിക്കാനൊരുങ്ങുന്നത്. ഇഒഎസ്-01 എന്ന കോഡിലാണ് ഉപഗ്രഹം അറിയപ്പെടുന്നത്. പിഎസ്എല്‍വി-സി49 റോക്കറ്റാണ് ഉപഗ്രഹവിക്ഷേപണത്തിനായി ഉപയോഗിക്കുന്നത്.

നവംബര്‍ ഏഴിന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് വിക്ഷേപണം തീരുമാനിച്ചിരിക്കുന്നത്. ബഹിരാകാശത്തിലെ കണ്ണെന്നു അറിയപ്പെടുന്ന റിസാറ്റ് കാലാവസ്ഥാ നിരീക്ഷണവുമായി ബന്ധപ്പെട്ട നിരവധി വിവരശേഖരണത്തിന് സഹായമായിട്ടാണ് പ്രവര്‍ത്തിക്കുക. പകലും രാത്രിയും ഒരുപോലെ ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രധാന നേട്ടം.

ശക്തമായ മേഖപാളികളും ഉപഗ്രഹത്തിന് തടസ്സമാകാതി രിക്കാനുള്ള ശക്തിയേറിയ ക്യാമറകളാണ് റിസാറ്റിലുള്ളത്. കൃഷി, പ്രളയ സാദ്ധ്യത, മണ്ണിന്റെ ഘടനാവ്യതിയാനം, തീരമേഖലയിലെ മാറ്റങ്ങള്‍, വനമേഖലയിലെ മാറ്റങ്ങളെല്ലാം ഉപഗ്രഹം വഴി ശേഖരിക്കാനാകുമെന്നതാണ് തന്ത്രപരമായ ഗുണമെന്നാണ് ഐഎസ്ആര്‍ഒ പറയുന്നത്.

കൊറോണ വ്യാപനവും ലോക്ഡൗണും പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്തിനായി ഐഎസ്ആര്‍ഒ നടത്തുന്ന ആദ്യ വിക്ഷേപണമാണ് ഇത്. മാര്‍ച്ച് മാസം മുതല്‍ നടപടികള്‍ കുറച്ച് വൈകിയതിനാലാണ് വര്‍ഷാവസാനത്തേക്ക് ഉപഗ്രഹവിക്ഷേപണം മാറ്റേണ്ടിവന്നതെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ഡിസംബര്‍ മാസത്തില്‍ വാര്‍ത്താവിനി മയവുമായി ബന്ധപ്പെട്ട് ജീ-സാറ്റ് 12 ആര്‍ എന്ന ഉപഗ്രഹവും പിഎസ്എല്‍വി സി50 റോക്കറ്റിന്റെ സഹായത്താല്‍ വിക്ഷേപിക്കാനിരിക്കുകയാണ്.