ഓഹരി സൂചികകൾ നഷ്ടത്തില്‍ ക്ലോസ്ചെയ്തു; നിഫ്റ്റി 11,750ന് താഴെയെത്തി

മുംബൈ: ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 599.64 പോയന്റ് താഴ്ന്ന് 39922.46ലും നിഫ്റ്റി 159.80 പോയന്റ് നഷ്ടത്തിൽ 11,729.60ലുമെത്തി.

ബിഎസ്ഇയിലെ 979 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1606 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 153 ഓഹരികൾക്ക് മാറ്റമില്ല. രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടെങ്കിലും യുഎസിലും മറ്റ് രാജ്യങ്ങളിലും രോഗബാധിതരുടെ എണ്ണംകൂടുന്നതാണ് വിപണിയ്ക്ക് പ്രതികൂലമായത്. വിദേശ നിക്ഷേപകരടക്കം ഓഹരകൾ വിറ്റ് ലാഭമെടുക്കാൻ തിടുക്കംകൂട്ടി.

ഇൻഡസിന്റ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, അദാനി പോർട്സ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. ഭാരതി എയർടെൽ, യുപിഎൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐഷർ മോട്ടോഴ്സ്, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയും ചെയ്തു.

എല്ലാ സെക്ടറൽ സൂചികകളും നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.7-0.9 ശതമാനം താഴ്ന്നാണ് ക്ലോസ് ചെയ്തത്.