എം ശിവശങ്കർ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ നടത്തിയ നാടകങ്ങൾക്കൊടുവിൽ എൻഫോഴ്സ്മെന്റ് ഡയറ്ടറേറ്റ് ഇയാളെ കസ്റ്റഡിയിലെടുത്തു. ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യഹർജി തള്ളിയതിനെ തുടർന്നാണ് എൻഫോസ്മെന്റെി നീക്കം.

ശിവശങ്കർ ചികിത്സയിൽ കഴിയുന്ന വഞ്ചിയൂർ ആശുപത്രിയിൽ എത്തിയാണ് ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ എടുത്തത്. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിന് വേണ്ടി കൊച്ചിയിലേക്ക് കൊണ്ട് പോയി. വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തും.

കോടതി വിധി വന്നതിന് തൊട്ടുപിന്നാലെ തന്നെ ശിവശങ്കറിനെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്വർണ്ണക്കടത്തിന്റെ ഗൂഢാലോചനയിൽ എം. ശിവശങ്കറിന് സജീവ പങ്കുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നത പദവി കള്ളക്കടത്തിനായി ദുരുപയോഗം ചെയ്‌തെന്നും എൻഫോഴ്‌സ്‌മെന്റ് വാദിച്ചു.

സ്വപ്‌നയുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്നും കള്ളപ്പണം വെളിപ്പിക്കുന്നതിനു ശിവശങ്കര്‍ സഹായം ചെയ്തിട്ടുണ്ടെന്നുമാണ് ഇഡി കോടതിയെ അറിയിച്ചത്. മുൻകൂർ ജാമ്യ ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് കസ്റ്റംസും ഹൈക്കോടതിയെ അറയിച്ചിട്ടുണ്ട്.

സ്വാധീനമുള്ള ശിവശങ്കറിന് ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജന്‍സികളുടെ വാദം ജസ്റ്റിസ് അശോക് മേനോന്‍ അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തലാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.