മസ്കറ്റ്: ദോഫാർ ബീച്ചുകളിലെ കല്ലുമ്മക്കായ കഴിച്ച മലയാളികളടക്കം ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ. തലശേരി സ്വദേശിനിയായ യുവതി ഗുരുതരാവസ്ഥയിൽ വെൻറിലേറ്ററിൽ ചികിൽസയിലാണ്.
ഒക്ടോബർ, നവംബർ മാസങ്ങളിൽ ദോഫാറിലെ മലയാളികളുടെ പ്രധാന വിനോദമാണ് കടലിൽ ഇറങ്ങി കല്ലുമ്മക്കായ ശേഖരിക്കുന്നത്. ദോഫാറിലെ ബീച്ചുകളിലെ കടൽവെള്ളം ‘റെഡ്ടൈഡ്’ എന്നും അറിയപ്പെടുന്ന കടൽക്കറ നിറഞ്ഞ് ചുവന്ന നിറത്തിൽ കാണപ്പെടുന്ന പ്രതിഭാസം ഉണ്ടായിരുന്നു. ഇൗ പ്രതിഭാസം മൂലം കല്ലുമ്മക്കായയിൽ വിഷവസ്തുക്കൾ കടന്നുകൂടിയതാകാം ഭക്ഷ്യവിഷബാധക്ക് കാരണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പകൽ വേലിയിറക്കം നടക്കുന്ന തീരത്തെ പാറക്കെട്ടുകളിലും മറ്റും പറ്റിപിടിച്ചിരിക്കുന്ന ഇവയെ പറിച്ചെടുക്കുകയാണ് ചെയ്യുക. ഇങ്ങനെ കല്ലുമ്മക്കായ ശേഖരിച്ച് പാചകം ചെയ്ത് കഴിച്ചവർക്കാണ് വിഷബാധയേറ്റത്.
കൊറോണ വ്യാപനത്തെ തുടർന്ന് ബീച്ചുകളിലെ പ്രവേശനത്തിന് വിലക്കുള്ളതിനാൽ മലയാളികൾ ഇക്കുറി വ്യാപകമായി കല്ലുമ്മക്കായ പറിക്കാൻ ഇറങ്ങാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഈ മേഖലകളിൽ മൽസ്യബന്ധനം നടത്തരുതെന്നും ഇവിടെ നിന്ന് പിടിക്കുന്ന മൽസ്യവും ഷെൽഫിഷും കഴിക്കരുതെന്നും കാർഷിക-മൽസ്യ വിഭവ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.