മുംബൈ: മൊബൈൽ ഇന്റർനെറ്റിന്റെ സ്പീഡിൽ പാകിസ്ഥാനും നേപ്പാളിനും പിന്നിലായി ഇന്ത്യ. 138 രാജ്യങ്ങളിലെ മൊബൈൽ ഇന്റർനെറ്റിന്റെ വേഗതയാണ് പരിശോധിച്ചത്. മൊബൈൽ ഇന്റർനെറ്റ് സ്പീഡിന്റെ കാര്യത്തിൽ 131 ാമതാണ് ഇന്ത്യ, ബ്രോഡ്ബാൻഡ് നെറ്റുവർക്കുകളുടെ സ്പീഡിൽ എഴുപതാം സ്ഥാനത്തും. നെറ്റുവർക്കുകളുടെ വേഗതയെക്കുറിച്ച് പഠനം നടത്തുന്ന ഊക്ക്ലയുടെ സ്പീഡ് ടെസ്റ്റ് ഗ്ലോബൽ ഇൻഡക്സ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
സെപ്റ്റംബറിലെ കണക്കുകളാണ് ഇത്. മൊബൈൽ നെറ്റുവർക്കിൽ ഇന്ത്യയിലെ ആവറേജ് ഡൗൺലോഡ് സ്പീഡ് 12.07 എംബിപിഎസ് ആണ്. ബ്രോഡ്ബാൻഡ് നെറ്റുവർക്കിലെ ഡൗൺലോഡിംഗ് സ്പീഡ് 46.47 എംബിപിഎസും. രണ്ട് വിഭാഗങ്ങളിലും ഇന്ത്യയിലെ നെറ്റുവർക്ക് സ്പീഡ് ഗ്ലോബൽ ആവറേജ് ഇന്റർനെറ്റ് സ്പീഡിനേക്കാൾ താഴെയാണ്. നേപ്പാൾ, പാകിസ്താൻ, ശ്രീലങ്ക അടക്കമുള്ള അയൽ രാജ്യങ്ങൾ ഇന്റർനെറ്റ് സ്പീഡിന്റെ കാര്യത്തിൽ ഇന്ത്യയേക്കാൾ മുന്നിലാണ്.
ഊക്ക്ല സ്പീഡ്ടെസ്റ്റ് ഗ്ലോബൽ ഇൻഡക്സ് പ്രകാരം സെപ്റ്റംബർ മാസത്തിൽ ഇന്ത്യയിലെ മൊബൈൽ ഡൗൺലോഡിംഗ് സ്പീഡ് 12.07 എംബിപിഎസ് ആണ്. ഗ്ലോബൽ ആവറേജ് 35.26 എംബിപിഎസ് ആയിരിക്കുമ്പോഴാണിത്. രാജ്യത്തെ ആവറേജ് മൊബൈൽ അപ്ലോഡ് സ്പീഡ് 4.31 എംബിപിഎസ് ആണ്. ഗ്ലോബൽ ആവറേജ് 11.22 എംബിപിഎസ് ആയിരിക്കുമ്പോഴാണിത്. ചൈനയിൽ ആവറേജ് മൊബൈൽ ഡൗൺലോഡ് സ്പീഡ് 113.35 എംബിപിഎസ് ആണ്. ശ്രീലങ്കയിൽ 19.95 ഉം പാകിസ്താനിൽ 17.13 ഉം നേപ്പാളിൽ 17.12 എംബിപിഎസും ആണ് നെറ്റുവർക്ക് സ്പീഡ്.