തിരുവനന്തപുരം: രാജ്മോഹൻ ഉണ്ണിത്താൻ എം പി നവംബർ ഒന്നുമുതൽ മരണം വരെ നിരാഹാര സമരം പ്രഖ്യാപിച്ചതിന് പിന്നാലെ കാസർകോട്ടെ ടാറ്റാ ആശുപത്രിയുടെ ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രിയുടെ പ്രഖ്യാപനവും. കാസർകോട്ടെ തെക്കിൽ വില്ലേജിൽ 553 കിടക്കകളോടുകൂടി ടാറ്റാ നിർമ്മിച്ചു നൽകിയ ആശുപത്രി ഈ മാസം 28ന് പ്രവർത്തനം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ. ശൈലജ അറിയിച്ചു.
ചികിൽസാ സൗകര്യങ്ങൾ കുറവായ കാസർകോട്ട് പണി പൂർത്തിയായ ആശുപത്രി വേഗം പ്രവർത്തനം ആരംഭിക്കണമെന്നും കൊറോണ വ്യാപന സമയത്ത് സർക്കാർ ഇത് തുറക്കുന്നത് നീട്ടിക്കൊണ്ടു പോകുകയാണെന്നുമായിരുന്നു രാജ്മോഹൻഉണ്ണിത്താൻ്റെ ആരോപണം. ഇതിൽ പ്രതിഷേധിച്ച് മരണം വരെ നിരാഹാരവും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
ജില്ലയിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ സഹായത്തോടെ ടാറ്റാ പുതിയ ആശുപ്രതി നിർമിച്ചത്. ടാറ്റാ ഗ്രൂപ്പാണ് ചുരുങ്ങിയ കാലയളവിനുള്ളിൽ ഈ ആശുപത്രി സൗജന്യമായി നിർമിച്ച് സർക്കാരിന് കൈമാറിയത്. എല്ലാരീതിയിലുള്ള ചികിത്സാ സംവിധാനങ്ങളും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്.
ഇപ്പോൾ കൊറോണ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കൊറോണ ആശുപത്രിയായി പ്രവർത്തിക്കുന്നുവെങ്കിലും വൈറസ് നിയന്ത്രണ വിധേയമാകുമ്പോൾ ഈ ആശുപത്രി സാധാരണ ആശുപത്രിയായി പ്രവർത്തിക്കാനാകും. കാസർകോട് മേഖലയിലെ ചികിത്സാ സൗകര്യം ഇതിലൂടെ വർധിപ്പിക്കാനാകുമെന്നും മന്ത്രി അറിയിച്ചു.
ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് ഒന്നാംഘട്ടമായി മെഡിക്കൽ, പാരാമെഡിക്കൽ, അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലായി 191 പുതിയ തസ്തികകൾ അടുത്തിടെ സൃഷ്ടിച്ചിരുന്നു.