തിരുവനന്തപുരം: സർക്കാർ ജോലികളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക സമുദായത്തിൽപെട്ടവർക്ക് സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനമിറങ്ങി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കകാർക്ക് സർക്കാർ ജോലികളിൽ പത്തുശതമാനം സംവരണമേർപ്പെടുത്തിയാണ് വിജ്ഞാപനം. വിജ്ഞാപനമിറങ്ങിയ സാഹചര്യത്തിൽ ഇനിമുതലുള്ള എല്ലാ പിഎസ്സി നിയമനങ്ങൾക്കും സംവരണം ബാധകമാണ്.
ചട്ടഭേദഗതി വിജ്ഞാപനം ചെയ്യുന്ന തീയതി മുതൽ പിഎസ്സിയുടെ നടപടിക്രമത്തിൽ മാറ്റം വരുത്താനാകും. ഈ വർഷം തന്നെ സാമ്പത്തിക സംവരണം നടപ്പാക്കാനാണ് സർക്കാർ തീരുമാനം. സാമ്പത്തിക സംവരണം നടപ്പാക്കുന്നതിനുള്ള ചട്ടഭേദഗതിക്ക് മന്ത്രിസഭായോഗം കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു.
ഒരുവിധ സംവരണത്തിനും അർഹതയില്ലാത്ത മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്തുശതമാനം ഒഴിവുകൾ നീക്കിവയ്ക്കുന്നതിനായാണ് ചട്ടഭേദഗതി.
പൊതുവിഭാഗത്തിനായി (ഓപ്പൺ കോന്പറ്റീഷൻ- ഒസി) മാറ്റിവച്ചിട്ടുള്ള 50 ശതമാനത്തിൽ നിന്നാണ് സാന്പത്തിക സംവരണത്തിനുള്ള പത്തുശതമാനം കണ്ടെത്തുന്നത്. കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസസ് റൂൾസിലെ സംവരണത്തിലാണു ഭേദഗതി വരുത്തിയത്.
ഇതോടെ പൊതുവിഭാഗം ഒഴിവുകൾ 40 ശതമാനമായി കുറയും. മറ്റു സംവരണങ്ങളൊന്നുമില്ലാത്ത മുന്നാക്കവിഭാഗങ്ങളിലെ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും.