ന്യൂഡെൽഹി: ബാങ്ക് വായ്പകളുടെ മൊറട്ടോറിയം കാലത്തെ പിഴപ്പലിശ ഒഴിവാക്കിക്കൊണ്ട് കേന്ദ്ര ധനമന്ത്രാലയത്തിന്റെ മാർഗനിർദേശം പുറത്തിറക്കി. സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് നടപടി. ഇതേതുടർന്ന് മൊറട്ടോറിയം പ്രഖ്യാപിച്ച മാര്‍ച്ച് ഒന്ന് മുതൽ ഓഗസ്റ്റ് 31 വരെയുള്ള ആറ് മാസക്കാലത്തെ രണ്ട് കോടി രൂപ വരെയുള്ള വായ്പകളുടെ കൂട്ടുപലിശ ഒഴിവാക്കും.
നേരത്തെ, പിഴപ്പലിശ ഒഴിവാക്കാൻ തീരുമാനിച്ചെങ്കിൽ അത് നടപ്പാക്കാൻ എന്തിനാണ് വൈകുന്നതെന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. ഇതിന് മറുപടിയായി മൊറട്ടോറിയം കാലത്തെ ബാങ്ക് വായ്പകളുടെ കൂട്ടുപലിശ ഒഴിവാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
തീരുമാനം എടുത്തെങ്കിൽ എന്തുകൊണ്ട് അത് നടപ്പാക്കുന്നില്ല എന്ന് വിമര്‍ശിച്ച സുപ്രീംകോടതി നവംബര്‍ രണ്ടിനകം ഉത്തരവിറക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പരാമര്‍ശം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കൂട്ടുപലിശ ഒഴിവാക്കിക്കൊണ്ടുള്ള മാര്‍ഗരേഖ കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയത്.
ഭവന വായ്പകൾ, വിദ്യാഭ്യാസ വായ്പകൾ, വാഹന വായ്പ, ക്രെഡിറ്റ് കാര്‍ഡ് വായ്പകൾ, എംഎസ്എംഇ വായ്പകൾ തുടങ്ങിയവയുടെ കൂട്ടുപലിശയാണ് ഒഴിവാക്കുക. ഇതിൽ കാര്‍ഷിക വായ്പകൾ ഉൾപ്പെടുന്നില്ല.