‌സ്വർണക്കടത്തിനായി ‘സിപിഎം കമ്മിറ്റി’ : സരിത്തിന്റെ മൊഴി പുറത്ത്

കൊച്ചി: സ്വർണക്കടത്തിനായി ‘സിപിഎം കമ്മിറ്റി’ എന്ന പേരിൽ ടെലഗ്രാം ഗ്രൂപ്പുണ്ടാക്കിയിരുന്നുവെന്ന് സരിത്തിന്റെ മൊഴി. എൻഫോഴ്സ്മെന്റിന് നൽകിയ മൊഴിയിൽ ആണ് ടെലഗ്രാം ഗ്രൂപ്പിന്റെ കാര്യം പുറത്തായത്.

സന്ദീപ് നായരാണ് ടെലഗ്രാം ഗ്രൂപ്പുണ്ടാക്കിയത്. പിന്നീട് തന്നേയും കെ.ടി റമീസ്, സ്വപ്ന ഉൾപ്പെടെയുള്ളവരെ ഗ്രൂപ്പിൽ അംഗമാക്കിയത് സന്ദീപാണെന്നും സരിത്ത് എൻഫോഴ്സ്മെന്റിനോട് വെളിപ്പെടുത്തി.

സ്വർണക്കടത്തിലെ മുഖ്യപ്രതിയായ ഫൈസൽ ഫരീദിനെ തനിക്ക് നേരിട്ട് അറിയില്ലെന്നും റമീസിനാണ് ഫൈസലുമായി നേരിട്ട് ബന്ധമെന്നും സരിത്തിന്റെ മൊഴിയിൽ പറയുന്നു.

അതേസമയം കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നിൽകണ്ട് ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യ ഹർജി ഇന്ന് ഉച്ചയ്ക്ക് കോടതി പരിഗണിക്കും. വടക്കാഞ്ചേരി ഫ്ളാറ്റ് നിർമാണ പദ്ധതി തന്റെ ആശയമായിരുന്നുവെന്ന ശിവശങ്കറിന്റെ മൊഴിയും പുറത്തുവന്നിരുന്നു. യുഎഇ കോൺസുലേറ്റുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് മിനിസ്റ്റ് ഉണ്ടായിരുന്നില്ലെന്നും ശിവശങ്കർ എൻഫോഴ്സ്മെന്റിന് നൽകിയ മൊഴിയിൽ പറയുന്നു.