തിരുവനന്തപുരം: ചാറ്റിങ്ങും വിളിയും ഒടുവിൽ ചീറ്റിങ്ങും. കേരളത്തിൽ ഹണിട്രാപ് സാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി കേരളാ പൊലീസ്. ചാറ്റിലൂടെയും കോളിലൂടെയും കെണിയൊരുക്കി പണം തട്ടുന്നവരെ കുറിച്ചാണ് പൊലീസിന്റെ മുന്നറിയിപ്പ്. നിരവധി പേര്‍ക്ക് വഞ്ചനയില്‍ വന്‍ തുകകള്‍ നഷ്ടമായി. മാനക്കേട് ഭയന്ന് പലരും പരാതിപ്പെടാറുമില്ലെന്ന് പൊലീസ് അറിയിച്ചു.
കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
വാട്സ് ആപ് ഹണിട്രാപ്: ചാറ്റിലൂടെയും കോളിലൂടെയും തട്ടിപ്പിന് വഴിയൊരുക്കുന്നു
സമൂഹമാധ്യമങ്ങളിലെ മറ്റൊരു പുതിയ തട്ടിപ്പാണ് വാട്‌സ്‌ആപ്പ് ഹണിട്രാപ്പ്. ചാറ്റിലൂടെയും കോളിലൂടെയും കെണിയൊരുക്കിയാണ് പണം തട്ടുന്നത്. നിരവധി പേര്‍ക്ക് വഞ്ചനയില്‍ വന്‍ തുകകള്‍ നഷ്ടമായി.
മാനക്കേട് ഭയന്ന് പലരും പരാതിപ്പെടാറുമില്ല. തട്ടിപ്പു സംഘങ്ങള്‍ സൗഹൃദം സ്ഥാപിക്കുകയും ചാറ്റിങ്ങിലൂടെ സ്വകാര്യവിവരങ്ങളും ചിത്രങ്ങളും കൈക്കലാക്കുകയും തുടര്‍ന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് ചെയ്യുന്നത്.
ലഭ്യമായ പരാതികളില്‍ നിന്നും +44 +122 എന്നീ നമ്പറുകളില്‍ നിന്നുള്ള വാട്സ്‌ആപ് കാളുകളിലൂടെയാണ് തട്ടിപ്പ് നടന്നതെന്ന് വ്യക്തമായിട്ടുണ്ട്. പരാതികളിന്മേല്‍ ഹൈടെക് സെല്ലും സൈബര്‍ സെല്ലുകളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപരിചിതരുമായി വാട്സ് ആപ്പിലൂടെ ചാറ്റിങ് നടത്തുമ്ബോള്‍ ഇത്തരം കെണിയെക്കുറിച്ചുകൂടി ഓര്‍ക്കുക.