കൊച്ചി: പൃഥ്വിരാജ് സുകുമാരൻ്റെ പിറന്നാൾ ദിനത്തിന് ആശംസകൾ നേർന്ന് ബാലതാരം മീനാക്ഷി ഫേസ്ബുക്കിലൂടെ പങ്കുവച്ച ചിത്രത്തിനുതാഴെ വിദ്വേഷ കമന്റ്. മധ്യമവസ്കയുടെ ചിത്രം ഉള്ള പ്രൊഫൈലിൽ നിന്നാണ് കമന്റ് വന്നിരിക്കുന്നത്. കമന്റ് വൈരറലായതോടെ മോശം കമൻറ് ഇട്ട ആൾക്കെതിരെ വ്യാപക പ്രതിഷേധമാണ് സാമൂഹ്യമാധ്യമത്തിലൂടെ ഉയരുന്നത്.
പ്രതിഷേധം ഉയർന്നതോടെ കമൻറിട്ടയാൾ അത് പിൻവലിക്കുകയും അക്കൗണ്ട് തന്നെ ഡീ ആക്ടിവേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കമൻറ് ഇട്ട പ്രൊഫൈൽ നിലവിൽ ഡീ ആക്ടിവേറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. ആരോഗ്യവകുപ്പ് ജീവനക്കാരി എന്നാണ് പ്രൊഫൈൽ ഉടമ അക്കൗണ്ടിൽ പങ്കുവച്ചിരിക്കുന്നത്.
പൃഥ്വിരാജിനൊപ്പം താൻ അഭിനയിച്ച ‘അമർ അക്ബർ അന്തോണി’യിലെ സ്റ്റിൽ ആയിരുന്നു മീനാക്ഷി പിറന്നാളാശംസകൾക്കൊപ്പം പങ്കുവച്ചത്. മീനാക്ഷിയെ ചേർത്തുനിർത്തുന്ന പൃഥ്വി ആയിരുന്നു ചിത്രത്തിൽ. ഈ പോസ്റ്റിന് താഴെയാണ് ഒരു സ്ത്രീയുടേതായി മോശം കമൻറ് എത്തിയത്. വർഗീയ പരാമർശം അടങ്ങുന്നതായിരുന്നു അവഹേളനപരമായ കമൻറ്.
കമൻറ് മീനാക്ഷിയുടെ ഫോളോവേഴ്‍സിൻ്റെ ശ്രദ്ധയിൽ പെട്ടതോടെ ഇതിനെതിരെ പ്രതിഷേധം ശക്തമായി. തുടർന്ന് കമൻറ് ഇട്ടയാൾ അത് പിൻവലിക്കുകയായിരുന്നു. എന്നാൽ ഇതിൻ്റെ സ്ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അതേസമയം പൃഥ്വിരാജിൻ്റെ പിറന്നാൾ ദിനത്തിൽ മലയാളസിനിമയിലെ ഒട്ടുമിക്ക താരങ്ങളും സോഷ്യൽ മീഡിയയിലൂടെ അദ്ദേഹത്തിന് പിറന്നാളാശംസകൾ നേർന്നിരുന്നു.