തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൊറോണ പശ്ചാത്തലത്തില്‍ ഫീസില്‍ 25% ഇളവു നല്‍കണമെന്നു ബാലാവകാശ കമ്മിഷന്‍ ഉത്തരവ്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്‌കൂളുകള്‍ക്കും ഉത്തരവു ബാധകമാണെന്നു ചെയര്‍മാന്‍ കെവിമനോജ്കുമാര്‍, അംഗങ്ങളായ കെ നസീര്‍, സി വിജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഫുള്‍ ബെഞ്ച് വ്യക്തമാക്കി.
സിബിഎസ്‌ഇ സ്‌കൂളുകളിലെ ഫീസിന്റെ കാര്യം സര്‍ക്കാരിനു തീരുമാനിക്കാമെന്നു ഹൈക്കോടതി ഉത്തരവുണ്ട്. ഫീസ് ഇളവ് ഈ സ്‌കൂളുകള്‍ക്കു കൂടി ബാധകമാക്കി ഉത്തരവ് ഇറക്കണം. നിലവില്‍ 25% ഫീസ് ഇളവ് അനുവദിച്ച സ്‌കൂളുകള്‍ വീണ്ടും ഇളവു നല്‍കേണ്ടതില്ല.
കൊറോണ മാറുന്ന മുറയ്ക്ക് ഇളവു മാറ്റുന്ന കാര്യം തീരുമാനിക്കും.മഞ്ചേരി എസിഇ പബ്ലിക് സ്‌കൂളിലെ കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്. ജൂണ്‍, ജൂലൈ മാസങ്ങള്‍ ഒഴികെ 500 രൂപ ഇളവു നല്‍കിയെങ്കിലും ഫീസ് അടയ്ക്കാത്ത കുട്ടികളെ ഓണ്‍ലൈന്‍ പഠനത്തില്‍നിന്ന് ഒഴിവാക്കിയെന്നാണു പരാതി.